തിരുവനന്തപുരം: ഇന്ത്യ എയ്‌ക്കെതിരായ ആദ്യ അനൗദ്യോഗിക ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക എ 51.5 ഓവറില്‍ 164ന് പുറത്ത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്‌സില്‍ വാലറ്റത്തിന്‍റെ പോരാട്ടത്തിലാണ് 100 പിന്നിട്ടത്. ഒരവസരത്തില്‍ 22/5 എന്ന സ്‌കോറിലായിരുന്നു സന്ദര്‍ശകര്‍. ഇന്ത്യക്കായി താക്കൂറും ഗൗതവും മൂന്ന് വിക്കറ്റ് വീതവും നദീം രണ്ട് വിക്കറ്റും വീഴ്‌ത്തി. 

അക്കൗണ്ട് തുറക്കും മുന്‍പ് ഓപ്പണര്‍മാരെ ഇന്ത്യന്‍ പേസര്‍മാര്‍ മടക്കിയിരുന്നു. ആദ്യ ഓവറിലെ നാലാം പന്തില്‍ നായകന്‍ ഐഡന്‍ മര്‍ക്രാമിനെ മുഹമ്മദ് സിറാജ് വിക്കറ്റ് കീപ്പര്‍ ഭരതിന്‍റെ കൈകളിലെത്തിച്ചു. സഹ ഓപ്പണറായ പീറ്റര്‍ മലാനെ നാലാം ഓവറിലെ രണ്ടാം പന്തില്‍ ഷാര്‍ദുല്‍ താക്കൂര്‍ ഭരതിന്‍റെ ക്യാച്ചില്‍ പുറത്താക്കി. ഹംസയും സോന്ദോയും ദക്ഷിണാഫ്രിക്കയെ രണ്ടക്കം കടത്തിയെങ്കിലും അധികനേരം പിടിച്ചുനില്‍ക്കാനായില്ല.

ഹംസയെ 13 റണ്‍സില്‍ നില്‍ക്കേ നദീം ബൗള്‍ഡാക്കി. ആറ് റണ്‍സെടുത്ത സോന്ദോയെയും ക്ലാസനെ അക്കൗണ്ട് തുറക്കും മുന്‍പും പുറത്താക്കി താക്കൂര്‍ വീണ്ടും ദക്ഷിണാഫ്രിക്കയ്‌ക്ക് പ്രഹരമേല്‍പിച്ചു. ഇതോടെ 22-5 എന്ന സ്‌കോറിലേക്ക് ദക്ഷിണാഫ്രിക്ക കൂപ്പുകുത്തി. പിന്നീട് വന്നവരില്‍ മുള്‍ഡര്‍(21), പീഡ്‌റ്റ്(33), സിപാംല(9), എന്‍ഗിഡി(15) എന്നിങ്ങനെയാണ് സ്‌കോര്‍. ഒന്‍പതാമനായിറങ്ങി പുറത്താകാതെ 45 റണ്‍സ് നേടിയ ജാന്‍സണ്‍ ആണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍.