തിരുവനന്തപുരം പൂവാർ അരുമാനൂർ ശ്രീ നയിനാർ ദേവ ക്ഷേത്രത്തിൽ വെച്ചായിരുന്നു മൊണാലിസയുടെയും സുഹൃത്ത് ഫർമാന്റെയും വിവാഹം.

തിരുവനന്തപുരം: പ്രയാ​ഗ് രാജിലെ കുംഭമേളയിലെ വൈറൽ പെൺകുട്ടി മൊണാലിസയുടെ വിവാഹത്തിൽ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടിയും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദനും. രണ്ട് സ്വതന്ത്ര വ്യക്തികൾ എന്ന നിലയിൽ അവർ വിവാഹിതരാകുന്നുവെന്ന് എം വി ​ഗോവിന്ദൻ പറഞ്ഞു. 

‘മഹാരാഷ്ട്ര സ്വദേശിയായ യുവാവും മധ്യപ്രദേശിലുള്ള യുവതിയും വിവാഹിതരാകാൻ തീരുമാനിച്ചു. അങ്ങനെ തീരുമാനിച്ചപ്പോൾ തെരഞ്ഞെടുക്കാൻ പറ്റുന്ന ഇന്ത്യയിലെ സ്ഥലം ഏതാണ് എന്ന് സംബന്ധിച്ച് അവർ തന്നെ വ്യക്തമാക്കുന്നുണ്ട്. അത് കേരളമാണ്. അങ്ങനെ അവർ കേരളത്തിൽ വന്നു. ശ്രീനാരായണ ​ഗുരു സ്ഥാപിച്ച പ്രതിഷ്ഠ നടത്തിയ ക്ഷേത്രമാണിത്.’ മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്നതാണല്ലോ ശ്രീനാരായണ ​ഗുരുവിന്റെ ആപ്തവാക്യമെന്നും എം വി ​ഗോവിന്ദൻ മാധ്യമങ്ങളോട് സംസാരിക്കവേ അഭിപ്രായപ്പെട്ടു.

യഥാർത്ഥ കേരള സ്റ്റോറി എന്ന് പറയുന്നത് ഈ കല്യാണമാണെന്ന് മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചു. കേരളത്തിലെ ജനങ്ങൾക്ക് അഭിമാനിക്കാം. ലോകത്തിന്റെ മുന്നിൽ. മതേതരത്വത്തിനും മനുഷ്യ സ്നേഹത്തിനും പേര് കേട്ട നാടാണ് കേരളമെന്ന് നമുക്ക് അഭിമാനിക്കാമെന്നായിരുന്നു വി ശിവൻകുട്ടിയുടെ പ്രതികരണം. തിരുവനന്തപുരം പൂവാർ അരുമാനൂർ ശ്രീ നയിനാർ ദേവ ക്ഷേത്രത്തിൽ വെച്ചായിരുന്നു മൊണാലിസയുടെയും സുഹൃത്ത് ഫർമാന്റെയും വിവാഹം.

Asianet News Live | Kerala Breaking News | Malayalam Live News | HD News Streaming