ഐപിഎല്ലില്‍ കളിക്കാനുള്ള കളിക്കാരുടെ സ്വാതന്ത്ര്യത്തെ തടയാനുള്ള അവകാശം ക്രിക്കറ്റ് സൗത്താഫ്രിക്കക്ക് ഇല്ലെന്ന് ബോര്‍ഡ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഏകദിന ടീം അംഗങ്ങളായ ക്വിന്‍റണ്‍ ഡീ കോക്ക്, ഡേവിഡ് മില്ലര്‍, ഡ്വയിന്‍ പ്രിട്ടോറിയസ് എന്നിവര്‍ക്കും ഐപിഎല്‍ കരാറുണ്ട്.

ജൊഹാനസ്ബര്‍ഗ്: ഐപിഎല്ലില്‍ (IPL 2022) കളിക്കാന്‍ കരാറൊപ്പിട്ട കളിക്കാരെ കൂട്ടത്തോടെ ഒഴിവാക്കി ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള(South Africa vs Bangladesh) ടീമിനെ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്ക. മാര്‍ക്കോ ജാന്‍സണ്‍, ഏയ്ഡന്‍ മാര്‍ക്രം, ലുങ്കി എങ്കിഡി, കാഗിസോ റബാഡ, റാസി വാന്‍ഡര്‍ ഡസ്സന്‍ എന്നിവരെയാണ് 15 അംഗ ടെസ്റ്റ് ടീമില്‍ നിന്നൊഴിവാക്കിയത്. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിച്ചവരാണ് ജാന്‍സണും മാര്‍ക്രവും എങ്കിഡിയും ഡസനും റബാഡയും.

ഐപിഎല്ലില്‍ കളിക്കാനുള്ള കളിക്കാരുടെ സ്വാതന്ത്ര്യത്തെ തടയാനുള്ള അവകാശം ക്രിക്കറ്റ് സൗത്താഫ്രിക്കക്ക് ഇല്ലെന്ന് ബോര്‍ഡ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഏകദിന ടീം അംഗങ്ങളായ ക്വിന്‍റണ്‍ ഡീ കോക്ക്, ഡേവിഡ് മില്ലര്‍, ഡ്വയിന്‍ പ്രിട്ടോറിയസ് എന്നിവര്‍ക്കും ഐപിഎല്‍ കരാറുണ്ട്. എന്നാല്‍ വെള്ളിയാഴ്ച തുടങ്ങുന്ന മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര 23ന് അവസാനിക്കുമെന്നതിനാല്‍ ഇവര്‍ക്ക് ഐപിഎല്‍ ടീമുകള്‍ക്ക് കളിക്കുന്നതിന് മറ്റ് തടസങ്ങളില്ല.18, 20, 23 തീയതികളില്‍ ഏകദിന പരമ്പര നടക്കും. മാര്‍ച്ച് 31മുതല്‍ ഏപ്രില്‍ 12വരെയാണ് ടെസ്റ്റ് പരമ്പര.

Scroll to load tweet…

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ തിളങ്ങിയ ജാന്‍സണ്‍ ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന്‍റെ കളിക്കാരനാണ്. റബാഡയാകട്ടെ പഞ്ചാബ് കിംഗ്സിന്‍റെയും എങ്കിഡി ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെും താരങ്ങളാണ്. ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഡീന്‍ എള്‍ഗാര്‍ രാജ്യം വേണോ ഐപിഎല്‍ വേണോ എന്ന് കളിക്കാര്‍ എത്രയും വേഗം തീരുമാനിക്കണമെന്ന് ആവശ്യപ്പെട്ട് കളിക്കാരെ സമ്മര്‍ദ്ദത്തിലാക്കിയെങ്കിലും ബിസിസിഐ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കുകയായിരുന്നു എന്നാണ് സൂചന. ഈ മാസം 26നാണ് ഐപിഎല്‍ തുടങ്ങുന്നത്.