ജൊഹാനസ്ബര്‍ഗ്: ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 10 വിക്കറ്റ് വിജയവുമായി ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര 2-0ന് തൂത്തുവാരി. രണ്ടാം ടെസ്റ്റില്‍ മൂന്ന് ദിവസത്തിനുള്ളില്‍ ശ്രീലങ്കയെ കീഴടക്കിയ ദക്ഷിണാഫ്രിക്ക കഴിഞ്ഞ വര്‍ഷം ശ്രീലങ്കയില്‍ നിന്നേറ്റ പരാജയത്തിന് കണക്കു തീര്‍ത്തു.

രണ്ടാം ഇന്നിംഗ്സില്‍ വിജയലക്ഷ്യമായ 67 റണ്‍സ് ദക്ഷിണാഫ്രിക്ക വിക്കറ്റ് നഷ്ടമില്ലാതെ മറികടന്നു. 36 റണ്‍സുമായി എയ്ഡന്‍ മാര്‍ക്രവും 31 റണ്‍സുമായി ഡീന്‍ എല്‍ഗാറും പുറത്താകാതെ നിന്നു. സ്കോര്‍ ശ്രീലങ്ക 157, 211, ദക്ഷിണാഫ്രിക്ക 302, 67/0.

150/4 എന്ന നിലയില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ ശ്രീലങ്കയുടെ പ്രതീക്ഷകള്‍ മുഴുവന്‍ കരുണരത്നെയുടെയും(91) നിരോഷന്‍ ഡിക്‌വെല്ലയുടെയും(18) ബാറ്റിലായിരുന്നു. തുടര്‍ച്ചായയി ബൗണ്ടറികള്‍ നേടിയ കരുണരത്നെ സെഞ്ചുറി പൂര്‍ത്തിയാക്കിയെങ്കിലും തൊട്ടുപിന്നാലെ നോര്‍ജെയുടെ പന്തില്‍ മുള്‍ഡര്‍ക്ക് പിടികൊടുത്ത് മടങ്ങിയതോടെ ലങ്കയുടെ തകര്‍ച്ച തുടങ്ങി.

128 പന്തില്‍ 103 റണ്‍സായിരുന്നു കരുണരത്നെയുടെ സംഭാവന. കരുണരത്നെക്ക് പിന്നാലെ ഡിക്‌വെല്ലയെ(36) എങ്കിഡി മടക്കി. ഷനകയെ(8) മുള്‍ഡറും മടക്കിയതോടെ 174/4 ല്‍ നിന്ന് ലങ്ക 190/7ലേക്ക് കൂപ്പുകുത്തി. ലങ്കന്‍ വാലറ്റത്തെ തുടച്ചു നീക്കി സിംപാല ലങ്കയുടെ ചെറുത്തുനില്‍പ്പ് അവസാനിപ്പിച്ചു. ദക്ഷിണാഫ്രിക്കക്കായി എങ്കിഡി നാലും സിംപാല മൂന്നും വിക്കറ്റെടുത്തു. ദക്ഷിണാഫ്രിക്കയുടെ ഡീല്‍ എല്‍ഗാറാണ് പരമ്പരയുടെ താരമായി തെര‍ഞ്ഞെടുക്കപ്പെട്ടത്.