ത്രിരാഷ്ട്ര ടി20 പരമ്പരയില്‍ സിംബാബ്‌വെയ്ക്ക് ദക്ഷിണാഫ്രിക്കയോട് ഏഴ് വിക്കറ്റിന് തോല്‍വി. 

ഹരാരെ: ത്രിരാഷ്ട്ര ടി20 പരമ്പരയില്‍ സിംബാബ്‌വെയ്ക്ക് തുടര്‍ച്ചയായ മൂന്നാം തോല്‍വി. ഇന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് സിംബാബ്‌വെ പരാജയപ്പെട്ടത്. ഹരാരെ, സ്‌പോര്‍ട്‌സ് ക്ലബില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ സിംബാബ്‌വെ ആറ് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സാണ് നേടിയത്. 61 റണ്‍സെടുത്ത ബ്രയാന്‍ ബെന്നറ്റാണ് ആതിഥയേര്‍ക്ക് വേണ്ടി തിളങ്ങിയത്. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്ക 17.2 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. റുബിന്‍ ഹെര്‍മാന്‍ (63), റാസി വാന്‍ ഡര്‍ ഡസ്സന്‍ (52) എന്നിവരാണ് ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിച്ചത്.

വിജയലക്ഷ്യത്തിലേക്ക് ബാറ്റിംഗ് തുടങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് മോശം തുടക്കമായിരുന്നു. 22 റണ്‍സിനിടെ അവര്‍ക്ക് ലുവാന്‍ ഡ്രെ പ്രെട്ടോറ്യൂസ് (4), റീസ ഹെന്‍ഡ്രിക്‌സ് (6) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. പിന്നീട് ഡസ്സന്‍ - ഹെന്‍മന്‍ സഖ്യം 106 റണ്‍സ് കൂട്ടിചേര്‍ത്തു. വിജയത്തിനടുത്ത് റുബിന്‍ വീണെങ്കിലും ഡിവാള്‍ഡ് ബ്രേവിസിനെ (13) കൂട്ടുപിടിച്ച് ഡസ്സന്‍ ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിച്ചു. 36 പന്തുകള്‍ നേരിട്ട റുബിന്‍ നാല് സിക്‌സും മൂന്ന് ഫോറും നേടി. ഡസ്സന്റെ ഇന്നിംഗ്‌സില്‍ ആറ് ബൗണ്ടറികളുണ്ടായിരുന്നു.

നേരത്തെ ബെന്നറ്റിന് പുറമെ റ്യാന്‍ ബേളാണ് (31 പന്തില്‍ 36) മികച്ച പ്രകടനം പുറത്തെടുത്ത മറ്റൊരു സിംബാബ്‌വെ താരം. വെസ്ലി മധെവേരെ (12) മാത്രമാണ് രണ്ടക്കം കണ്ട മറ്റൊരു താരം. ക്ലൈവ് മതാന്‍ഡെ (8), സിക്കന്ദര്‍ റാസ (9), തഷിന്‍ഗ മുസെകിവ (0), മുന്യോഗ (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. കോര്‍ബിന്‍ ബോഷ് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി രണ്ട് വിക്കറ്റ് വീഴ്ത്തി. തോല്‍വിയോടെ സിംബാബ്‌വെ പുറത്തായി. പരമ്പരയിലെ മൂന്നാമത്തെ ടീമായ ന്യൂസിലന്‍ഡിനെതിരായ ഒരു മത്സരം കൂടി അവര്‍ക്ക് അവശേഷിക്കുന്നുണ്ട്.

YouTube video player