ദക്ഷിണാഫ്രിക്ക ഒന്നാമതെത്തിയോടെ ഓസ്‌ട്രേലിയ രണ്ടാം സ്ഥാനത്തേക്ക് വീണു.

ദുബായ്: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയന്റ് പട്ടികയില്‍ ഓസ്‌ട്രേലിയയേയും പിന്തള്ളി ദക്ഷിണാഫ്രിക്ക ഒന്നാമത്. ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റും ജയിച്ചതോടെയാണ് ദക്ഷിണാഫ്രിക്ക ഒന്നാം സ്ഥാനത്തെത്തിയത്. കെബെര്‍ഹ സെന്റ് ജോര്‍ജ് പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ 109 റണ്‍സിനായിരുന്നു ആതിഥേയരുടെ ജയം. 348 വിജയലക്ഷ്യവുമായി അവസാന ദിനം ബാറ്റിംഗിനെത്തിയ ശ്രീലങ്ക 238ന് എല്ലാവരും പുറത്തായി. അഞ്ച് വിക്കറ്റ് നേടിയ കേശവ് മഹാരാജാണ് രണ്ടാം ഇന്നിംഗ്‌സില്‍ ലങ്കയെ തകര്‍ത്തത്. സ്‌കോര്‍: ദക്ഷിണാഫ്രിക്ക 358 & 317, ശ്രീലങ്ക 328 & 238. 

ദക്ഷിണാഫ്രിക്ക ഒന്നാമതെത്തിയോടെ ഓസ്‌ട്രേലിയ രണ്ടാം സ്ഥാനത്തേക്ക് വീണു. കഴിഞ്ഞ അഞ്ച് ടെസ്റ്റുകളും ജയിച്ച ദക്ഷിണാഫ്രിക്കയ്ക്ക് 63.33 പോയന്റ് ശതമാനമാണുള്ളത്. 10 മത്സരങ്ങളില്‍ ആറെണ്ണം ജയിച്ചു. ഒരു സമനിലയും മൂന്ന് തോല്‍വിയും അക്കൗണ്ടിലുണ്ട്. ഇനി പാകിസ്ഥാനെതിരെ രണ്ട് ടെസ്റ്റുകളാണ് ദക്ഷിണാഫ്രിക്ക കളിക്കുക. സ്വന്തം ഗ്രൗണ്ടിലാണ് കളിയെന്നുള്ളത് ദക്ഷിണാഫ്രിക്കയുടെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. നേരത്തെ അഡ്‌ലെയ്ഡ് ടെസ്റ്റിലെ ജയത്തോടെ ഒന്നാം സ്ഥാനത്തേക്ക് കയറിയിരുന്നു ഓസീസ്. 

തീപ്പൊരിയായി മുഹമ്മദ് ഷമി! ബാറ്റിംഗിനും പിന്നാലെ ബൗളിംഗിലും ഗംഭീര പ്രകടനം, ബംഗാള്‍ ക്വാര്‍ട്ടറില്‍

60.71 പോയന്റ് ശതമാണ് ഓസീനുള്ളത്. 14 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ടീമിന് ഒമ്പത് ജയവും നാല് തോല്‍വിയും ഒരു സമനിലയുമാണുള്ളത്. മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയുടെ പോയന്റ് ശതമാനം 57.29 ആണ്. 16 മത്സരങ്ങള്‍ ഇന്ത്യ കളിച്ചപ്പോള്‍ 9 എണ്ണം ജയിച്ചു. ആറ് തോല്‍വിയും ഒരു സമനിലയും. ആദ്യ രണ്ട് സ്ഥാനക്കാരാണ് ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ നേര്‍ക്കുനേര്‍ വരിക. ഇപ്പോഴത്തെ സാഹചര്യത്തില്‍ ദക്ഷിണാഫ്രിക്ക - ഓസ്‌ട്രേലിയ നേര്‍ക്കുനേര്‍ വരാനാണ് സാധ്യത. മറിച്ച് സംഭവിക്കണമെങ്കില്‍ ഇന്ത്യ ഓസീസിനെതിരെ ശേഷിക്കുന്ന മൂന്ന് ടെസ്റ്റുകളും ജയിക്കണം. എന്നാല്‍ ഓസ്ട്രേലിയന്‍ സാഹചര്യങ്ങളില്‍ ജയിക്കുക ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും. ഓസീസ് പര്യടനത്തിന് ശേഷം ഇന്ത്യക്ക് മറ്റു പരമ്പരകള്‍ ഒന്നും തന്നെയില്ല. ഓസീസിന്, ശ്രീലങ്കന്‍ പര്യടനം ബാക്കിയുണ്ട്.

തോല്‍വിയോടെ ശ്രീലങ്കയുടെ സാധ്യതകള്‍ ഏറെക്കുറെ അവസാനിച്ചെന്ന് പറയാം. നാലാം സ്ഥാനത്താണ് ലങ്ക. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആദ്യ ടെസ്റ്റിലും അവര്‍ തോറ്റിരുന്നു. 11 മത്സരം കളിച്ച ശ്രീലങ്ക അഞ്ചെണ്ണം ജയിച്ചു. ആറ് തോല്‍വിയും. 45.45 പോയന്റ് ശതമാനം. ഇംഗ്ലണ്ട് (45.24), ന്യൂസിലന്‍ഡ് (44.23) എന്നിവര്‍ അഞ്ചും ആറും സ്ഥാനങ്ങളില്‍. ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റും തോറ്റത് കിവീസിന് കനത്ത തിരിച്ചടിയായി. ക്രൈസ്റ്റ് ചര്‍ച്ചില്‍ നടന്ന ആദ്യ ടെസ്റ്റില്‍ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ഇംഗ്ലണ്ടിന്റെയും ന്യൂസിലന്‍ഡിന്റെയും പോയന്റുകള്‍ വെട്ടിക്കുറച്ചിരുന്നു. അതും ടീമിന് തിരിച്ചടിയായി. പാകിസ്ഥാന്‍, ബംഗ്ലാദേശ്, വെസ്റ്റ് ഇന്‍ഡീസ് എന്നിവര്‍ യഥാക്രമം ഏഴ് മുതല്‍ ഒമ്പത് വരെയുള്ള സ്ഥാനങ്ങളില്‍.