വിശാഖപട്ടണം: ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ ഒന്നാം ഇന്നിങ്‌സ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് തകര്‍ച്ചയോടെ തുടക്കം. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 502നെതിരെ രണ്ടാംദിനം സ്റ്റംപെടുക്കുമ്പോള്‍ സന്ദര്‍ശകര്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 39 എന്ന നിലയിലാണ്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് മായങ്ക് അഗര്‍വാളിന്റെ (215) ഇരട്ട സെഞ്ചുറിയും രോഹിത് ശര്‍മയുടെ (176) സെഞ്ചുറിയുമാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഏഴ് വിക്കറ്റ് നഷ്ടമായ ശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 

എയ്ഡന്‍ മാര്‍ക്രം (5), ഡി ബ്രൂയ്ന്‍ (4), ഡെയ്ന്‍ പിയറ്റ് (0) എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. സ്പിന്നര്‍മാരായ ആര്‍ അശ്വിന്‍ രണ്ടും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും നേടി.  മാര്‍ക്രം അശ്വിന്റെ പന്തില്‍ ബൗള്‍ഡായപ്പോള്‍ ബ്രൂയ്ന്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയ്ക്ക് ക്യാച്ച് നല്‍കി മടങ്ങി. പിയറ്റിനെ ജഡേജ വിക്കറ്റ് തെറിപ്പിക്കുകയായിരുന്നു. കളി നിര്‍ത്തുമ്പോള്‍ ഓപ്പണര്‍ ഡീന്‍ എല്‍ഗാര്‍ (), തെംബ ബവൂമ () എന്നിവരാണ് ക്രീസില്‍. 

ഇന്ത്യയുടെ ആദ്യദിനം രോഹിത് ശര്‍മയുടേത് ആയിരുന്നെങ്കില്‍ രണ്ടാം ദിനം മായങ്ക് അഗര്‍വാളിന്റേത് ആയിരുന്നു. വിക്കറ്റ് നഷ്ടമില്ലാതെ 202 എന്ന നിലയില്‍ രണ്ടാം ദിനം ആരംഭിച്ച ഇന്ത്യ 300 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. രോഹിത്തിന് ഇരട്ട സെഞ്ചുറി നഷ്ടമായെങ്കിലും മായങ്ക് അവസരം മുതലെടുത്തു. 23 ഫോറും ആറ് സിക്‌സും കണ്ടെത്തിയ രോഹിത്തിനെ കേശവ് മഹാരാജിന്റെ പന്തില്‍ ക്വിന്റണ്‍ ഡി കോക്ക് സ്റ്റംപ് ചെയ്ത് പുറത്താക്കി. ഇരുവരും 317 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 23 ഫോറും ആറ് സിക്‌സും അടങ്ങുന്നതായിരുന്നു മായങ്കിന്റെ ഇന്നിങ്‌സ്. താരന്റെ ആദ്യ ടെസ്റ്റ് സെഞ്ചുറിയാണിത്. 

എന്നാല്‍ പിന്നീടെത്തിയ സീനിയര്‍ താരങ്ങള്‍ നിരാശപ്പെടുത്തി.  ചേതേശ്വര്‍ പൂജാര (6), ക്യാപ്റ്റന്‍ വിരാട് കോലി (20), അജിന്‍ക്യ രഹാനെ (15), ഹനുമ വിഹാരി (10), വൃദ്ധിമാന്‍ സാഹ എന്നിവര്‍ നിരാശപ്പെടുത്തി. രവീന്ദ്ര ജഡേജ (30)യാണ് സ്‌കോര്‍ 500 കടത്താന്‍ സഹായിച്ചത്. ജഡേജയ്‌ക്കൊപ്പം അശ്വിന്‍ (1) പുറത്താവാതെ നിന്നു.