ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ ബംഗ്ലാദേശിനും പതിഞ്ഞ തുടക്കമായിരുന്നു. മൂന്ന് വിക്കറ്റുകള്‍ 37 റണ്‍സിനിടെ അവര്‍ക്ക് നഷ്ടമായി.

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പടിക്കല്‍ കലമുടച്ച് ബംഗ്ലാദേശ്. ന്യൂയോര്‍ക്ക്, നാസൗ കൗണ്ടി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാല് റണ്‍സിനായിരുന്നു ദക്ഷിണാഫ്രിക്കയുടെന്റെ ജയം. ടോസ് നേടി ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സാണ് നേടിയത്. 46 റണ്‍സ് നേടിയ ഹെന്റിച്ച് ക്ലാസനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശിന് ഏഴ്് വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സെടുക്കാനാണ് സാധിച്ചത്. മൂന്ന് വിക്കറ്റ് നേടിയ കേശവ് മഹാരാജ് ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ തിളങ്ങി. ജയത്തോടെ ദക്ഷിണാഫ്രിക്ക സൂപ്പര്‍ എട്ടിലെത്തുന്ന ആദ്യ ടീമായി. 

ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ ബംഗ്ലാദേശിനും പതിഞ്ഞ തുടക്കമായിരുന്നു. മൂന്ന് വിക്കറ്റുകള്‍ 37 റണ്‍സിനിടെ അവര്‍ക്ക് നഷ്ടമായി. തന്‍സിദ് ഹസന്‍ (9), ലിറ്റണ്‍ ദാസ് (9), ഷാക്കിബ് അല്‍ ഹസന്‍ (3) എന്നിവര്‍ക്ക് തിളങ്ങാന്‍ സാധിച്ചില്ല. ക്യാപ്റ്റന്‍ ന്ജമുല്‍ ഹുസൈന്‍ ഷാന്റെ (14) കൂടി മടങ്ങിയതോടെ ബംഗ്ലാദേശ് നാലിന് 50 എന്ന നിലയിലായി. തുടര്‍ന്ന് തൗഹിദ് ഹൃദോയ് (37) - മഹ്മുദുള്ള (20) സഖ്യം 44 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ 18-ാം ഓവറില്‍ ഹൃദോയിയെ നഷ്ടമായി.

ഓസ്‌കറിന് സാധ്യതയുണ്ട്! മുഹമ്മദ് റിസ്വാന്റെ വേദനകൊണ്ടുള്ള പുളച്ചില്‍ വെറും അഭിനയമെന്ന് ക്രിക്കറ്റ് ആരാധകര്‍

അവസാന രണ്ട് ഓവറില്‍ ജയിക്കാന്‍ 18 റണ്‍സാണ് ബംഗ്ലാദേശിന് വേണ്ടിയിരുന്നത്. എന്നാല്‍ ഏഴ് റണ്‍സെടുക്കാനാണ് സാധിച്ചത്. അവസാന ഓവറില്‍ വേണ്ടത് 11 റണ്‍സ്. കേശവ് മഹാരാജിന്റെ ആദ്യ പന്ത് വൈഡ്. അടുത്ത പന്തില്‍ ഒരു റണ്‍. രണ്ടാം പന്തില്‍ രണ്ട് റണ്‍. എന്നാല്‍ മൂന്നാം പന്തില്‍ ജേക്കര്‍ അലി (8) പുറത്തായി. നാലാം പന്തില്‍ റിഷാദ് അലി ഒരു റണ്‍ നേടി. എന്നാല്‍ അടുത്ത പന്തില്‍ മഹ്മുദുള്ള പുറത്തായി. ഫുള്‍ടോസ് മുതലാക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. ലോംഗ് ഓണ്‍ ബൗണ്ടറി ലൈനില്‍ എയ്ഡന്‍ മാര്‍ക്രമിന് ക്യാച്ച്. അവസാന പന്തില്‍ ജയിക്കാന്‍ ആറ് റണ്‍. മഹാരാജ് എറിഞ്ഞ മറ്റൊരു ഫുള്‍ടോസില്‍ ഒരു റണ്‍സെടുക്കാനാണ് ടസ്‌കിന്‍ അഹമ്മദിന് സാധിച്ചത്.

നേരത്തെ ക്ലാസന് പുറമെ ഡേവിഡ് മില്ലറാണ് (29) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത മറ്റൊരു താരം. ക്വിന്റണ്‍ ഡി കോക്കും (18) രണ്ടക്കം കണ്ടു. പരിതാപകരമായിരുന്നു ദക്ഷിണാഫ്രിക്കയുടെ തുടക്കം. നാല് ഓവര്‍ പൂര്‍ത്തിയാവുന്നതിന് മുമ്പ് തന്നെ ദക്ഷിണാഫ്രിക്കയ്ക്ക് നാല് വിക്കറ്റുകള്‍ നഷ്ടമായയി. അപ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ വെറും 23 റണ്‍സ് മാത്രം. റീസ് ഹെന്‍ഡ്രിക്‌സ് (0) നേരിട്ട ആദ്യ പന്തില്‍ പുറത്തായി. പിന്നാലെ ഡി കോക്കും മടങ്ങി. നാല് റണ്‍സെടുത്ത എയ്ഡന്‍ മാര്‍ക്രം, ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (0) എന്നിവര്‍ക്കും തിളങ്ങാനായില്ല. തുടര്‍ന്ന് ക്ലാസന്‍ - മില്ലര്‍ സഖ്യം 69 റണ്‍സ് കൂട്ടിചേര്‍ത്തു.

പാകിസ്ഥാനെതിരെ ജയത്തിന് പിന്നാലെ ഹാര്‍ദിക്കിനെ തേടി റെക്കോര്‍ഡ്; ഇര്‍ഫാന്‍ പത്താനെ പിന്നിലാക്കാനും അവസരം

എന്നാല്‍ പതിനെട്ടാം ഓവറില്‍ ക്ലാസനും അടുത്ത ഓവറില്‍ മില്ലറും മടങ്ങിയത് തിരിച്ചടിയായി. 44 പന്തുകള്‍ നേരിട്ട ക്ലാസന്‍ മൂന്ന് സിക്‌സും രണ്ട് ഫോറും നേടി. മാര്‍കോ ജാന്‍സന്‍ (5), കേശവ് മഹാരാജ് (4) എന്നിവര്‍ പുറത്താവാതെ നിന്നു. ആറ് വിക്കറ്റുകള്‍ ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി. ബംഗ്ലാദേശിന് വേണ്ടി തന്‍സിം ഹസന്‍ സാക്കിബ് മൂന്ന് വിക്കറ്റെടുത്തു ടസ്‌കിന്‍ അഹമ്മദിന് രണ്ട് വിക്കറ്റുണ്ട്.