ജൊഹന്നസ്‌ബര്‍ഗ്: ഇന്ത്യക്കെതിരായ മൂന്ന് ടി20കളുടെ പരമ്പരയിലേക്ക് മുന്‍ ഓള്‍റൗണ്ടര്‍ ലാന്‍ഡ് ക്ലൂസ്‌നറെ സഹ ബാറ്റിംഗ് പരിശീലകനായി നിയോഗിച്ച് ക്രിക്കറ്റ് സൗത്താഫ്രിക്ക. മുന്‍ പേസര്‍ വിന്‍സന്‍റ് ബാണ്‍സിനെ സഹ ബൗളിംഗ് പരിശീലകനാക്കിയപ്പോള്‍ അസിസ്റ്റന്‍റ് ഫീല്‍ഡിംഗ് കോച്ചായി ജസ്റ്റിന്‍ ഓന്‍ടോംഗിനെ നിലനിര്‍ത്തി. 

ക്രിക്കറ്റ് സൗത്താഫ്രിക്കയുടെ പുതിയ ഘടന അനുസരിച്ച് ടീം ഡയറക്‌ടറാണ് മൂവരെയും നിയമിച്ചത്. സമയക്കുറവുമൂലം ടി20യില്‍ മാത്രമായിരിക്കും നിലവില്‍ ക്ലൂസ്‌നര്‍ ദക്ഷിണാഫ്രിക്കയെ പരിശീലിപ്പിക്കുക. 90കളുടെ അവസാനം ലോകത്തെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായാണ് അദേഹം വിശേഷിക്കപ്പെട്ടിരുന്നത്. ടെസ്റ്റില്‍ 80 വിക്കറ്റും 1906 റണ്‍സും ഏകദിനത്തില്‍ 192 വിക്കറ്റും 3576 റണ്‍സും നേടിയിട്ടുണ്ട്. 2000ല്‍ വിസ്‌ഡന്‍ ക്രിക്കറ്റര്‍ ഓഫ് ഇയര്‍ പുരസ്‌കാരം നേടി. 

നേരത്തെ സിംബാബ്‌വെ ക്രിക്കറ്റ് ടീമിന്‍റെ ബാറ്റിംഗ് പരിശീലകനായിരുന്നു ക്ലൂസ്‌നര്‍. അതിന് മുന്‍പ് ദക്ഷിണാഫ്രിക്കന്‍ പ്രാദേശിക ടീം ഡോല്‍ഫിന്‍സിനെ 2012 മുതല്‍ 2016 വരെ പരിശീലിപ്പിച്ചു. ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്‍റെ ബൗളിംഗ് കോച്ചായി ക്ലൂസ്‌നര്‍ക്ക് 2010ല്‍ ഓഫറുണ്ടായിരുന്നു.