കേപ്ടൗണ്‍: ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 259 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ഇത്രയും റണ്‍സെടുത്തത്. മുന്‍നിര തകര്‍ന്നപ്പോള്‍ മധ്യനിര താരം ജോ ഡെന്‍ലി (103 പന്തില്‍ 87)യുടെ ഇന്നിങ്‌സാണ് ഇംഗ്ലണ്ടിന് തുണയായത്. ക്രിസ് വോക്‌സ് (42 പന്തില്‍ 40) വാലറ്റത്ത് നിര്‍ണായക പ്രകടനം പുറത്തെടുത്തു. തബ്രൈസ് ഷംസി ദക്ഷിണാഫ്രിക്കയ്്ക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തി.

ഭേദപ്പെട്ട തുടക്കമാണ് ഇംഗ്ലണ്ടിന് ലഭിച്ചത്. ആദ്യ വിക്കറ്റില്‍ ജേസണ്‍ റോയ് (32)- ജോണി ബെയര്‍സ്‌റ്റോ (19) സഖ്യം 51 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇരുവരും മടങ്ങിയ ശേഷം ഇംഗ്ലണ്ടിന് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടമായി. ജോ റൂട്ട് (17), ഓയിന്‍ മോര്‍ഗന്‍ (11), ടോം ബാന്റണ്‍ (18), സാം കറന്‍ (7) എന്നിവര്‍ നിരാശപ്പെടുത്തി. വോക്‌സ്- ഡെന്‍ലി സഖ്യം കൂട്ടിച്ചേര്‍ത്ത 91 റണ്‍സാണ് ഇംഗ്ലണ്ടിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്.

ഷംസിക്ക് പുറമെ ബ്യൂറന്‍ ഹെന്‍ഡ്രിക്‌സ്, ജെ ജെ സ്മട്ട്‌സ്, ആന്‍ഡിലെ ഫെഹ്‌ലുക്വായോ, ലുതോ സിപാംല എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റണ്‍ ഡികോക്ക് ഏകദിന നായകനാകുന്ന ആദ്യ മത്സരമാണിത്.