ഡര്‍ബനില്‍ നാലാംദിനം സ്റ്റംപെടുക്കുമ്പോള്‍ മൂന്നിന് 11 എന്ന നിലയിലാണ് ബംഗ്ലാദേശ്. നജ്മുല്‍ ഹൊസൈന്‍ ഷാന്റോ (5), മുഷ്ഫിഖുര്‍ റഹീം എന്നിവരാണ് ക്രീസില്‍. നേരത്തെ ദക്ഷിണാഫ്രിക്കയുടെ (South Africa) രണ്ടാം ഇന്നിംഗ്‌സ് 204ന് അവസാനിച്ചിരുന്നു.

ഡര്‍ബന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ (SA vs BAN) ഒന്നാം ടെസ്റ്റില്‍ 274 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ബംഗ്ലാദേശിന് തകര്‍ച്ചയോടെ തുടക്കം. ഡര്‍ബനില്‍ നാലാംദിനം സ്റ്റംപെടുക്കുമ്പോള്‍ മൂന്നിന് 11 എന്ന നിലയിലാണ് ബംഗ്ലാദേശ്. നജ്മുല്‍ ഹൊസൈന്‍ ഷാന്റോ (5), മുഷ്ഫിഖുര്‍ റഹീം എന്നിവരാണ് ക്രീസില്‍. നേരത്തെ ദക്ഷിണാഫ്രിക്കയുടെ (South Africa) രണ്ടാം ഇന്നിംഗ്‌സ് 204ന് അവസാനിച്ചിരുന്നു.

ഡര്‍ബനില്‍ നാലാംദിനം കേശവ് മഹാരാജിന്റെ (Keshav Maharaj) രണ്ട് വിക്കറ്റ് പ്രകടനാണ് സന്ദര്‍ശകരെ തകര്‍ത്തത്. മഹ്‌മുദുള്‍ ഹസന്‍ ജോയ് (4), ക്യാപ്റ്റന്‍ മൊമിനുള്‍ ഹഖ് (2) എന്നിവരെയാണ് മഹാരാജ് പുറത്താക്കിയത്. മഹ്‌മുദുള്‍ ബൗള്‍ഡായപ്പോള്‍ മൊമിനുള്‍ ഹഖ് വിക്കറ്റിന് മുന്നില്‍ കുടങ്ങി. ഷദ്മാന്‍ ഇസ്ലാമിനെ (0) സിമോണ്‍ ഹാര്‍മര്‍ കീഗന്‍ പീറ്റേഴ്‌സണിന്റെ കൈകളിലെത്തിച്ചു. അവസാനദിനം ആതിഥേയര്‍ക്ക് ജയിക്കാന്‍ വേണ്ടത് ഏഴ് വിക്കറ്റ് മാത്രം. ബംഗ്ലാദേശിന് 263 റണ്‍സെടുത്താല്‍ ജയിക്കാം.

നേരത്തെ മെഹ്ദി ഹസന്‍, ഇബാദത്ത് ഹുസൈന്‍ എന്നിവരുടെ പ്രകടനാണ് ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്‌സ് സ്‌കോര്‍ 204ല്‍ നിയന്ത്രിച്ചു നിര്‍ത്തിയത്. ടസ്‌കിന്‍ അഹമ്മദ് രണ്ട് വിക്കറ്റ് വീഴ്ത്തി. 69 റണ്‍സ് നേടിയ ഡീന്‍ എല്‍ഗാറാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. റ്യാന്‍ റിക്കള്‍ടണ്‍ (39) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. കീഗന്‍ പീറ്റേഴ്‌സണ് 36 റണ്‍സുണ്ട്. 

ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 367നെതിരെ ബംഗ്ലാദേശ് 298ന് പുറത്തായിരുന്നു. 69 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡാണ് സന്ദര്‍ശകര്‍ വഴങ്ങിയത്. സെഞ്ചുറി നേടിയ മഹ്‌മുദുള്‍ ഹസന്‍ ജോയ്‌യാണ് (137) ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. ലിറ്റണ്‍ ദാസ് (41) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഹാര്‍മര്‍ നാല് വിക്കറ്റ് വീഴ്ത്തി.

ആദ്യ ഇന്നിംഗ്‌സില്‍ തെംബ ബവൂമയുടെ (93) ഇന്നിംഗ്‌സാണ് ദക്ഷിണാഫ്രിക്കയ്ക്ക് കരുത്തായത്. എല്‍ഗാര്‍ (67), സരേല്‍ എര്‍വീ (41), ഹാര്‍മര്‍ (38) എന്നിവരും തിളങ്ങി. ഖലേദ് അഹമ്മദ് ബംഗ്ലാദേശിനായി നാല് വിക്കറ്റ് വീഴ്ത്തി.