ടി20 ലോകകപ്പിനുള്ള ടീമില്‍ തിരിച്ചെത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ജൂണ്‍ ഒന്നിന് മുമ്പ് സെലക്ഷന് തയാറാവണമെന്ന് ഡിവില്ലിയേഴ്സ്, ക്രിസ് മോറിസ്, ഇമ്രാന്‍ താഹിര്‍ എന്നിവരെ ബൗച്ചര്‍ അറിയിച്ചിട്ടുണ്ട്.

ജൊഹാനസ്ബര്‍ഗ്: മുന്‍ നായകന്‍ എ ബി ഡിവില്ലിയേഴ്സിന്റെ രാജ്യാന്തര ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് എപ്പോഴെന്ന് വ്യക്തമാക്കി ക്രിക്കറ്റ് സൗത്താഫ്രിക്ക. ഈ വര്‍ഷം ജൂണില്‍ ശ്രീലങ്കക്കെതിരായ പരമ്പരയില്‍ ഡിവില്ലിയേഴ്സിനെ പരിഗണിക്കുമെന്ന് ദക്ഷിണാഫ്രിക്കന്‍ ടീം പരിശീലകന്‍ മാര്‍ക്ക് ബൗച്ചര്‍ പറഞ്ഞു.

ടി20 ലോകകപ്പിനുള്ള ടീമില്‍ തിരിച്ചെത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ജൂണ്‍ ഒന്നിന് മുമ്പ് സെലക്ഷന് തയാറാവണമെന്ന് ഡിവില്ലിയേഴ്സ്, ക്രിസ് മോറിസ്, ഇമ്രാന്‍ താഹിര്‍ എന്നിവരെ ബൗച്ചര്‍ അറിയിച്ചിട്ടുണ്ട്. ഐപിഎല്ലിനുശേഷം ഇവര്‍ക്ക് മറ്റ് മത്സരങ്ങളൊന്നുമില്ലാത്തതിനാല്‍ മൂവരും സെലക്ഷന് തയാറാവുമെന്നാണ് കരുതുന്നതെന്ന് ബൗച്ചര്‍ വ്യക്തമാക്കി.

ലോകകപ്പിന് മുമ്പ് ഇവര്‍ക്ക് മത്സരപരിചയം ഉറപ്പാക്കേണ്ടതുണ്ട്. അതിന്റെ ഭാഗമായി ജൂണില്‍ ആരംഭിക്കുന്ന ശ്രീലങ്കന്‍ പര്യടനത്തില്‍ ഇവരെക്കൂടി പരിഗണിക്കാമെന്നാണ് കരുതുന്നത്. സെലക്ഷന് തയാറായാലും ഇവരെ ഉറപ്പായും ടീമില്‍ സെലക്ട് ചെയ്യുമോ എന്നത് രണ്ടാമത്തെ കാര്യമാണെന്നും ആദ്യം സെലക്ഷന് തയാറാണോ എന്ന് അറിയിക്കുകയാണ് ഇപ്പോള്‍ വേണ്ടതെന്നും ബൗച്ചര്‍ പറഞ്ഞു.

2018 മെയിലാണ് ഡിവില്ലേയഴ്സ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പിനുള്ള ടീമില്‍ തിരിച്ചെത്താന്‍ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ബോര്‍ഡ് ഡിവില്ലിയേഴ്സിനെ ഉള്‍പ്പെടുത്താന്‍ തയാറായില്ല. ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 15വരെ ഓസ്ട്രേലിയയിലാണ് ടി20 ലോകകപ്പ്.