ദില്ലി: ദക്ഷിണാഫ്രിക്കന്‍ നായകന്‍ ക്വിന്‍റണ്‍ ഡി കോക്കിനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. ഡി കോക്കിനെ ബാറ്റിംഗ് ഇതിഹാസങ്ങളായ ബ്രയാന്‍ ലാറയും കുമാര്‍ സംഗക്കാരയുമായാണ് ഗംഭീര്‍ താരതമ്യം ചെയ്യുന്നത്.

'ലോകകപ്പ് പരാജയത്തിന് ശേഷം ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിന്‍റെ ആദ്യ പരമ്പരയാണിത്. മികച്ച ഇടംകൈയന്‍ ബാറ്റ്സ്‌മാനായ ഡി കോക്കിന്‍റെ ശൈലി ലാറയെയും സംഗക്കാരയെയും ഓര്‍മ്മിപ്പിക്കുന്നു. നായകനായും അദേഹത്തിന് തിളങ്ങാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു. ക്യാപ്റ്റന്‍സി ബാറ്റിംഗിനെ ബാധിക്കില്ല എന്നാണ് പ്രതീക്ഷ'യെന്നും ഗംഭീര്‍ ടൈംസ് ഓഫ് ഇന്ത്യയിലെ കോളത്തിലെഴുതി.

ദക്ഷിണാഫ്രിക്കന്‍ പരമ്പര ഇന്ത്യന്‍ യുവതാരങ്ങള്‍ക്ക് മികവ് തെളിയിക്കാനുള്ള അവസരമാണ് എന്നും ഗംഭീര്‍ പറയുന്നു. 'യുവ താരങ്ങള്‍ക്ക് ടീമില്‍ സ്ഥാനമുറപ്പിക്കാനുള്ള അവസരമാണിത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ ഋഷഭ് പന്ത് ആകാംക്ഷ കൂട്ടുന്നു. എന്നാല്‍ പ്രിയ താരമായ സഞ്ജു സാംസണ്‍ പന്തിന് കനത്ത വെല്ലുവിളിയാണ്. അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പ് മുന്‍നിര്‍ത്തി വ്യക്തിഗത പോരാട്ടങ്ങള്‍ നടക്കുന്ന ആവേശ പരമ്പരയാകും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ' എന്നും ഗംഭീര്‍ കുറിച്ചു.