Asianet News MalayalamAsianet News Malayalam

നിലംതൊടാതെ പറത്തി ക്ലാസനും മില്ലറും,10 ഓവറിൽ 'സെഞ്ചുറി' അടിച്ച് സാംപ; ബാറ്റിംഗ് കൊടുങ്കാറ്റിൽ ആടിയുലഞ്ഞ് ഓസീസ്

ഇന്ന് ഓസ്ട്രേലിയക്കെതിരെ 400 റണ്‍സടിച്ചതോടെ ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ തവണ 400 റണ്‍സടിക്കുന്ന ടീമായി ദക്ഷിണാഫ്രിക്ക. ആറ് തവണ 400 റണ്‍സടിച്ച ഇന്ത്യയെ പിന്തള്ളിയാണ് ദക്ഷിണാഫ്രിക്ക ഏഴ് തവണ 400 റണ്‍സടിച്ച് ഒന്നാം സ്ഥാനത്ത് ഒറ്റക്ക് ഇരിപ്പുറപ്പിച്ചത്.

South Africa vs Australia, 4th ODI - Live, records tumbles at SuperSport Park, Centurion gkc
Author
First Published Sep 15, 2023, 9:41 PM IST

സെഞ്ചൂറിയന്‍: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരത്തില്‍ നാല്‍പത് ഓവര്‍ കഴിയുമ്പോള്‍ ദക്ഷിണാഫ്രിക്ക 243 റണ്‍സിലെത്തിയതേ ഉണ്ടായിരുന്നുള്ളു. എന്നാലത് കൊടുങ്കാറ്റിന് മുമ്പുള്ള ശാന്തതയാണെന്ന് ഓസ്ട്രേലിയ കരുതിയില്ല.

അവസാന 15 ഓവറില്‍ 222 റണ്‍സടിച്ച ദക്ഷിണാഫ്രിക്ക അവസാന പത്തോവറില്‍ മാത്രം നേടിയത് 177 റണ്‍സ്. അതിലേറ്റവും പ്രഹരമേറ്റത് സ്പിന്നര്‍ ആദം സാംപക്ക്. പത്തോവറില്‍ വഴങ്ങിയത് 113 റണ്‍സ്. ഏകദിനത്തില്‍ ഒരു ബൗളര്‍ 10 ഓവര്‍ എറിഞ്ഞ് 113 റണ്‍സ് വഴങ്ങുന്നത് ഇത് രണ്ടാം തവണ മാത്രമാണ്. 2006ല്‍ ഓസ്ട്രേലിയക്കെതിരെ ദക്ഷിണാഫ്രിക്ക 434 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ച ഐതിഹാസിക മത്സരത്തില്‍ 10 ഓവറില്‍ 113 റണ്‍സ് വഴങ്ങിയ ഓസീസ് ബൗളര്‍ മൈക് ലൂയിസാണ് സാംപയുടെ മുന്‍ഗാമി.

ഇന്ന് ഓസ്ട്രേലിയക്കെതിരെ 400 റണ്‍സടിച്ചതോടെ ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ തവണ 400 റണ്‍സടിക്കുന്ന ടീമായി ദക്ഷിണാഫ്രിക്ക. ആറ് തവണ 400 റണ്‍സടിച്ച ഇന്ത്യയെ പിന്തള്ളിയാണ് ദക്ഷിണാഫ്രിക്ക ഏഴ് തവണ 400 റണ്‍സടിച്ച് ഒന്നാം സ്ഥാനത്ത് ഒറ്റക്ക് ഇരിപ്പുറപ്പിച്ചത്. ഒരു ഇന്നിംഗ്സില്‍ ഏറ്റവും കൂടുതല്‍ സിക്സുകള്‍ പറത്തുന്നതില്‍ രണ്ടാം സ്ഥാനത്തെത്താന്‍ ഹെന്‍റിച്ച് ക്ലാസനായി. 13 സിക്സുകളാണ് ക്ലാസന്‍ ഇന്ന് പറത്തിയത്. 16 സിക്സ് അടിച്ചിട്ടുള്ള എ ബി ഡിവില്ലിയേഴ്സ് ആണ് ഒന്നാമത്.

അഞ്ചാം നമ്പറില്‍ ബാറ്റിംഗിനിറങ്ങി ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ നേടുന്ന രണ്ടാമത്തെ ബാറ്ററായി 174 റണ്‍സടിച്ച ക്ലാസന്‍. ഇന്ത്യന്‍ ഓള്‍ റൗണ്ട് ഇതിഹാസം കപില്‍ ദേവ് സിംബാബ്‌വെക്കെതിരെ നേടിയ 175 റണ്‍സാണ് അഞ്ചാം നമ്പറിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍. ഏകദിനത്തില്‍ 150ന് മുകളിലുള്ള കൂട്ടുകെട്ടിലെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ റണ്‍ റേറ്റ്(14.47) ആണ് ഇന്ന് 92 പന്തില്‍ 222 റണ്‍സടിച്ച് ക്ലാസനും മില്ലറും സ്വന്തമാക്കിയത്.

57 പന്തില്‍ സെഞ്ചുറിയിലെത്തിതോടെ ഓസ്ട്രേലിയക്കെതിരെ ഏറ്റവും കുറഞ്ഞ പന്തില് സെഞ്ചുറി നേടുന്ന രണ്ടാമത്തെ ബാറ്ററായി ക്ലാസന്‍. 52 പന്തില്‍ സെഞ്ചുറി നേടിയ കോലിയാണ് ഒന്നാമത്. ദക്ഷിണാഫ്രിക്കക്കുവേണ്ടി വേഗമേറിയ സെഞ്ചുറി നേടുന്ന നാലാമത്തെ ബാറ്ററാണ് ക്ലാസന്‍. ഡിവില്ലിയേഴ്സ്(31 പന്തില്‍), മാര്‍ക് ബൗച്ചര്‍(44 പന്തില്‍), ഡിവില്ലിയേഴ്സ്(52 പന്തില്‍) എന്നിവരാണ് ക്ലാസന് മുന്നിലുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios