സെഞ്ചൂറിയന്‍: ബോക്സിംഗ് ഡേ ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സെന്ന നിലയിലാണ്. 28 റണ്‍സുമായി വെര്‍നോണ്‍ ഫിലാന്‍ഡറാണ് ക്രീസില്‍.

95 റണ്‍സെടുത്ത ക്വിന്റണ്‍ ഡീ കോക്ക് ആണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. മത്സരത്തിലെ ആദ്യ പന്തില്‍ തന്നെ ദക്ഷിണാഫ്രിക്കയ്ക്ക് ഡീന്‍ എല്‍ഗാറിനെ നഷ്ടമായി. 150-ാം ടെസ്റ്റ് കളിക്കുന്ന ജെയിംസ് ആന്‍ഡേഴ്സണ് ആണ് ദക്ഷിണാഫ്രിക്കയുടെ തകര്‍ച്ചക്ക് തുടക്കമിട്ടത്. സ്കോര്‍ ബോര്‍ഡില്‍ 32 റണ്‍സെത്തിയപ്പോഴേക്കും എയ്ഡന്‍ മാര്‍ക്രത്തെയും(20) ദക്ഷിണാഫ്രിക്കക്ക് നഷ്ടമായി.

സുബൈര്‍ ഹംസയും(39), ക്യാപ്റ്റന്‍ ഫാഫ് ഡൂപ്ലെസിയും(29) ചേര്‍ന്ന് ദക്ഷിണാഫ്രിക്കയെ കരകയറ്റുമെന്ന് തോന്നിച്ചെങ്കിലും ഇരുവരെയും മടക്കി സ്റ്റുവര്‍ട്ട് ബ്രോഡ് ദക്ഷിണാഫ്രിക്കയെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടു. വാന്‍ഡര്‍ ഡസനെ(6) മടക്കി സാം കറന്‍ ദക്ഷിണാഫ്രിക്കയെ ഞെട്ടിച്ചു.

എന്നാല്‍ ക്വിന്റണ്‍ ഡീകോക്കും(95) ഡ്വയിന്‍ പ്രിട്ടോറിയസും(33) ചേര്‍ന്ന് ദക്ഷിണാഫ്രിക്കയെ കരകയറ്റി. ഡീ കോക്കിനെയപം പ്രിട്ടോറിയസിനെയും മടക്കി സാം കറന്‍ ദക്ഷിണാഫ്രിക്കയെ വീണ്ടും തകര്‍ച്ചയിലാക്കി. കേശവ് മഹാരാജിനെ വീഴ്ത്തി ജോഫ്ര ആര്‍ച്ചറും വിക്കറ്റ് വേട്ടയില്‍ പങ്കാളിയായതോടെ ദക്ഷിണാഫ്രിക്കന്‍ സ്കോര്‍ 277ല്‍ ഒതുങ്ങി.