റാസി വാന്‍ഡെര്‍ ദസ്സനെ(5) വീഴ്ത്തി വിക്കറ്റ് വേട്ട തുടങ്ങിയ ആര്‍ച്ചര്‍ ഏയ്ഡന്‍ മാര്‍ക്രം(39), ഹെന്‍റിച്ച് ക്ലാസന്‍(62 പന്തില്‍ 80), ഡേവിഡ് മില്ലര്‍(13) എന്നിവരെ കൂടി മടക്കി ദക്ഷിണാഫ്രിക്കയുടെ നടുവൊടിച്ചു.

കിംബര്‍ലെ: ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ജോഫ്രാ ആര്‍ച്ചറുടെ തകര്‍പ്പന്‍ ബൗളിംഗിന്‍റെ കരുത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഇംഗ്ലണ്ടിന് കൂറ്റന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്‌ലറുടെ സെഞ്ചുറി കരുത്തില്‍ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 346 റണ്‍സടച്ചപ്പോള്‍ ദക്ഷിണാഫ്രിക്ക 43.1 ഓവറില്‍ 287 റണ്‍സിന് ഓള്‍ ഔട്ടായി. 40 റണ്‍സ് വഴങ്ങി ആറ് വിക്കറ്റെടുത്ത ജോഫ്ര ആര്‍ച്ചറാണ് ഇംഗ്ലണ്ടിന് ആശ്വാസ ജയം സമ്മാനിച്ചത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് തുടക്കത്തിലെ തകര്‍ന്നെങ്കിലും ഡേവിഡ് മലാന്‍റെയും ക്യാപ്റ്റന്‍ ജോസ് ബട്‌ലറുടെയും സെഞ്ചുറികളുടെ കരുത്തിലാണ് കൂറ്റന്‍ സ്കോര്‍ ഉയര്‍ത്തിയത്. മലാന്‍ 114 പന്തില്‍ 118 ഉം ജോസ് ബട്‌ലര്‍ 127 പന്തില്‍ 131 ഉം റണ്‍സെടുത്തു. ഏകദിനത്തില്‍ മലാന്‍റെ മൂന്നാമത്തെയും ബട്‌ലറുടെ പതിനൊന്നാമത്തേയും ശതകമാണിത്. അവസാന ഓവറുകളില്‍ മൊയീന്‍ അലി(23 പന്തില്‍ 41) വെടിക്കെട്ടും ഇംഗ്ലണ്ടിന് തുണയായി. പ്രോട്ടീസിനായി എന്‍ഗിഡി നാലും യാന്‍സന്‍ രണ്ടും മഗാല ഒന്നും വിക്കറ്റ് വീഴ്‌ത്തി.

തോറ്റമ്പി കിവികള്‍, 66ല്‍ പുറത്ത്; 168 റണ്‍സിന്‍റെ ഹിമാലയന്‍ ജയവുമായി ഇന്ത്യക്ക് ടി20 പരമ്പര

മറുപടി ബാറ്റിംഗില്‍ ക്യാപ്റ്റന്‍ ടെംബാ ബാവുമയും(35) റീസാ ഹെന്‍ഡ്രിക്കസും(52) ചേര്‍ന്ന് ദക്ഷിണാഫ്രിക്കക്ക് മികച്ച തുടക്കമിട്ടു. റാസി വാന്‍ഡെര്‍ ദസ്സനെ(5) വീഴ്ത്തി വിക്കറ്റ് വേട്ട തുടങ്ങിയ ആര്‍ച്ചര്‍ ഏയ്ഡന്‍ മാര്‍ക്രം(39), ഹെന്‍റിച്ച് ക്ലാസന്‍(62 പന്തില്‍ 80), ഡേവിഡ് മില്ലര്‍(13) എന്നിവരെ കൂടി മടക്കി ദക്ഷിണാഫ്രിക്കയുടെ നടുവൊടിച്ചു. വെയ്ന്‍ പാര്‍ണലിനെയും(34), ടബ്രൈസ് ഷംസിയെയും(1) മടക്കിയാണ് ആര്‍ച്ചര്‍ ആറ് വിക്കറ്റ് നേട്ടം തികച്ചത്.

പരിക്കുമൂലം രണ്ട് വര്‍ഷത്തെ ഇടവേളക്കുശേഷം മത്സരക്രിക്കറ്റില്‍ തിരിച്ചെത്തിയ ആര്‍ച്ചറുടെ ആദ്യ അഞ്ച് വിക്കറ്റ് പ്രകടനമാണിത്. വിദേശത്ത് ഇംഗ്ലണ്ടിനായിഏകദിനങ്ങളിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമെന്ന റെക്കോര്‍ഡും ദക്ഷിണാഫ്രിക്കക്കെതിരെ ഏകദിനങ്ങലില്‍ നാട്ടില്‍ ഒരു ബൗളറുടെ ഏറ്റവും മികച്ച ബൗളിംഗെന്ന റെക്കോര്‍ഡും ആര്‍ച്ചര്‍ സ്വന്തമാക്കി. ഇംഗ്ലണ്ടിനായി ആദില്‍ റഷീദ് മൂന്ന് വിക്കറ്റെടുത്തു. നേരത്തെ പരമ്പരയിലെ ആദ്യ രണ്ട് ഏകദിനങ്ങളും ജയിച്ച ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര 2-1ന് സ്വന്തമാക്കി.