സെഞ്ചൂറിയനില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി  ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ആദ്യ ടെസ്റ്റില്‍ (South Africa vs India 1st Test) കരുതലോടെ തുടങ്ങി ഇന്ത്യ. സെഞ്ചൂറിയനില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ (Team India) 25 ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്‌ടമില്ലാതെ 71 റണ്‍സെന്ന നിലയിലാണ്. മായങ്ക് അഗര്‍വാള്‍ (Mayank Agarwal) 75 പന്തില്‍ 43* റണ്‍സും കെ എല്‍ രാഹുല്‍ (KL Rahul) 75 പന്തില്‍ 24* റണ്‍സുമായാണ് ക്രീസില്‍ നില്‍ക്കുന്നത്. 

സെഞ്ചൂറിയനില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. അഞ്ച് ബൗളര്‍മാരുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ഇതില്‍ നാല് പേരും പേസര്‍മാരാണ്. ഓള്‍റൗണ്ട് മികവ് കണക്കിലെടുത്ത് ഷര്‍ദ്ദുല്‍ ഠാക്കൂര്‍ ടീമിലെത്തി. അതേസമയം സീനിയര്‍ പേസര്‍ ഇശാന്ത് ശര്‍മ്മയ്ക്ക് അവസരം നഷ്‌ടമായി. മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ് എന്നിവരാണ് മറ്റ് പേസര്‍മാര്‍. ആര്‍ അശ്വിന്‍ ഏക സ്‌പിന്നറായി ടീമിലെത്തി. 

ബാറ്റിംഗില്‍ പ്രതീക്ഷിച്ചത് പോലെ അജിങ്ക്യ രഹാനെയ്ക്ക് പരിചയസമ്പത്ത് ഗുണം ചെയ്‌തു. മോശം ഫോമിലുള്ള താരത്തിന് പകരം ശ്രേയസ് അയ്യരോ, ഹനുമ വിഹാരിയോ കളിക്കണമെന്ന വാദമുണ്ടായിരുന്നു. മറ്റൊരു സീനിയര്‍ ബാറ്റര്‍ ചേതേശ്വര്‍ പൂജാരയും സ്ഥാനം നിലനിര്‍ത്തി. ദക്ഷിണാഫ്രിക്കയില്‍ കന്നി ടെസ്റ്റ് പരമ്പര ജയിക്കുകയാണ് ടീം ഇന്ത്യയുടെ ലക്ഷ്യം. 

ടീം ഇന്ത്യ: കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, റിഷഭ് പന്ത്, ആര്‍ അശ്വിന്‍, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.

ദക്ഷിണാഫ്രിക്ക: ഡീന്‍ എല്‍ഗാര്‍, എയ്‌ഡന്‍ മാര്‍ക്രം, കീഗന്‍ പീറ്റേഴ്‌സണ്‍, റാസി വാന്‍ ഡര്‍ ഡസ്സന്‍, തെംബ ബവൂമ, ക്വിന്‍റണ്‍ ഡി കോക്ക്, വിയാന്‍ മള്‍ഡര്‍, മാര്‍കോ ജാന്‍സണ്‍, കേശവ് മഹാരാജ്, കഗിസോ റബാഡ, ലുങ്കി എന്‍ഗിഡി.