ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യയുടെ 327 റണ്‍സ് പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയെ മൂന്നാം ദിനം 197ല്‍ പുറത്താക്കിയത് അഞ്ച് വിക്കറ്റുമായി മുഹമ്മദ് ഷമിയായിരുന്നു

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സെഞ്ചൂറിയന്‍ ടെസ്റ്റിന്‍റെ (South Africa vs India 1st Test) ഒന്നാം ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയെ (Mohammed Shami) പ്രശംസ കൊണ്ടുമൂടി പ്രോട്ടീസ് മുന്‍ ബാറ്റര്‍ ഡാരില്‍ കള്ളിനന്‍ (Daryll Cullinan). ഷമിയുടെ ബൗളിംഗ് ഇതിഹാസ പേസര്‍മാരായ ജയിംസ് ആന്‍ഡേഴ്‌സണെയും (James Anderson) ഷോണ്‍ പൊള്ളോക്കിനേയും (Shaun Pollock) ഓര്‍മ്മിപ്പിച്ചു എന്നാണ് ഡാരില്‍ പറയുന്നത്. ഷമിയുടെ വേരിയേഷനുകളെയും കഴിവിനേയും അദേഹം പ്രശംസിച്ചു. 

'ഷമിയുടെ സീം പൊസിഷന്‍ നോക്കുക. അത് വളരെ കൃത്യമാണ്. ഷമിയുടെ ബൗളിംഗ് കാണുന്നത് പൊള്ളോക്കിനെയും ആന്‍ഡേഴ്‌സണിനേയും ഓര്‍മ്മിപ്പിച്ചു. വേരിയേഷനുകളും സീം പൊസിഷനുകളും കൊണ്ട് തുടര്‍ച്ചയായി ആക്രമിക്കുകയാണ് ഷമി. അദേഹത്തിന്‍റെ ലൈനും ലെങ്‌തും ബാറ്റര്‍മാര്‍ക്ക് പിടികിട്ടുന്നില്ല' എന്നും ഡാരില്‍ കള്ളിനന്‍ പറഞ്ഞു. 

ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യയുടെ 327 റണ്‍സ് പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയെ മൂന്നാം ദിനം 197ല്‍ പുറത്താക്കിയത് അഞ്ച് വിക്കറ്റുമായി മുഹമ്മദ് ഷമിയായിരുന്നു. 16 ഓവറിൽ 44 റൺസ് വഴങ്ങിയാണ് ഷമിയുടെ അഞ്ച് വിക്കറ്റ് നേട്ടം. എയ്‌ഡൻ മർക്രാം, കീഗൻ പീറ്റേഴ്‌സൺ, തെംബ ബാവുമ, വിയാൻ മുൾഡർ, കാഗിസോ റബാഡ എന്നിവരെ ഷമി പുറത്താക്കി

ഷമി 200 ക്ലബില്‍

ഇതോടെ ടെസ്റ്റിൽ 200 വിക്കറ്റ് നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ പേസറെന്ന നേട്ടം ഷമി സ്വന്തമാക്കി. അൻപത്തിയഞ്ചാം ടെസ്റ്റിലാണ് ഷമിയുടെ നേട്ടം. കപിൽ ദേവ്, ഇശാന്ത് ശർമ്മ, സഹീർ ഖാൻ, ജവഗൽ ശ്രീനാഥ് എന്നിവരാണ് ഷമിക്ക് മുൻപ് 200 വിക്കറ്റ് ക്ലബിൽ ഇടംപിടിച്ച ഇന്ത്യൻ പേസർമാർ. കപിൽ ദേവ് 434ഉം ഇശാന്തും സഹീറും 311ഉം ശ്രീനാഥ് 236ഉം വിക്കറ്റ് നേടിയിട്ടുണ്ട്. 

സെഞ്ചൂറിയൻ ക്രിക്കറ്റ് ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ കൂറ്റൻ ലീഡ് ലക്ഷ്യമിട്ട് ഇന്ത്യ നാലാംദിനമായ ഇന്ന് ബാറ്റിംഗ് പുനരാരംഭിക്കും. ഒരു വിക്കറ്റിന് 16 റൺസ് എന്ന നിലയിലാണ് ഇന്ത്യ മൂന്നാംദിനം കളി അവസാനിപ്പിച്ചത്. അഞ്ച് റൺസുമായി കെ എൽ രാഹുലും നാല് റൺസുമായി ഷർദ്ദുൽ ഠാക്കൂറുമാണ് ക്രീസിൽ. നാല് റൺസെടുത്ത മായങ്ക് അഗ‍ർവാളാണ് പുറത്തായത്. ഒൻപത് വിക്കറ്റ് ശേഷിക്കേ ഇന്ത്യക്ക് 146 റൺസ് ലീഡായി.

SA vs IND: റെക്കോര്‍ഡിലും ഷമിയുടെ ഹീറോയിസം, പിന്നിലാക്കിയത് അശ്വിനെ