ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറില്‍ 287 റണ്‍സില്‍ പുറത്തായി

കേപ്‌ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തേയും മത്സരത്തില്‍ (South Africa vs India 3rd ODI) ആദ്യ വിക്കറ്റ് നഷ്ടമായെങ്കിലും ഇന്ത്യ ശക്തമായ നിലയില്‍. 288 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ 19 ഓവര്‍ പിന്നിടുമ്പോള്‍ 103-1 എന്ന നിലയിലാണ്. ശിഖര്‍ ധവാനും (Shikhar Dhawan) 54*, വിരാട് കോലിയുമാണ് (Virat Kohli) 36* ക്രീസില്‍. ഒന്‍പത് റണ്‍സെടുത്ത നായകന്‍ കെ എല്‍ രാഹുലിനെ (KL Rahul) ലുങ്കി എന്‍ഗിഡി പുറത്താക്കി. 

ഓപ്പണ‍ര്‍ ക്വിന്‍റണ്‍ ഡികോക്കിന്‍റെ തകര്‍പ്പന്‍ സെഞ്ചുറിയുടെ കരുത്തിലും ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറില്‍ 287 റണ്‍സില്‍ പുറത്തായി. ഇന്ത്യക്കായി പ്രസിദ്ധ് കൃഷ്‌ണ മൂന്നും ജസ്‌പ്രീത് ബുമ്രയും ദീപക് ചാഹറും രണ്ട് വീതവും വിക്കറ്റ് വീഴ്‌ത്തി. 

തുടക്കം ഇന്ത്യയുടെ കയ്യില്‍

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയെ തുടക്കത്തില്‍ ടീം ഇന്ത്യ വിറപ്പിച്ചു. രണ്ട് വിക്കറ്റ് നേടിയ ദീപക് ചാഹറിന്‍റെ സ്‌പെല്ലാണ് ആതിഥേയരെ പ്രതിസന്ധിയിലാക്കിയത്. മൂന്നാം ഓവറിലെ ആദ്യ പന്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ചാഹറിന്‍റെ പന്തില്‍ ജനെമന്‍ മലാന്‍ (1) പുറത്ത്. വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് ക്യാച്ച്. അധികം വൈകാതെ തെംബ ബവൂമയും പവലിയനില്‍ മടങ്ങിയെത്തി. രാഹുലിന്റെ നേരിട്ടുള്ള ത്രോയില്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ റണ്ണൗട്ടായി. എയ്ഡന്‍ മാര്‍ക്രമിന് 15 പന്ത് മാത്രമായിരുന്നു ആയുസ്. ചാഹറിന്‍റെ തന്നെ പന്തില്‍ റുതുരാജ് ഗെയ്കവാദിന് ക്യാച്ച് നല്‍കുകയായിരുന്നു. 

ഡികോക്ക് ഷോ! നാലാം വിക്കറ്റില്‍ 144 റണ്‍സ് കൂട്ടുകെട്ട്

എന്നാല്‍ അവിടുന്നങ്ങോട്ട് റാസി വാന്‍ ഡര്‍ ഡസ്സനെ കൂട്ടുപിടിച്ച് ഒരിക്കല്‍ക്കൂടി ടീം ഇന്ത്യയോടുള്ള തന്‍റെ റണ്‍ദാഹം തീര്‍ത്തു ക്വിന്‍റണ്‍ ഡികോക്ക്. 70-3 എന്ന നിലയില്‍ നിന്ന് 214-4 എന്ന തിരിച്ചുവരവിലേക്ക് ദക്ഷിണാഫ്രിക്കയെ കൈപിടിച്ചുയര്‍ത്തി ഡികോക്ക്- വാന്‍ ഡര്‍ ഡസ്സന്‍ സഖ്യം. 17-ാം ഏകദിന ശതകത്തിലെത്തിയ ഡികോക്ക് 130 പന്തില്‍ 124 റണ്‍സെടുത്താണ് മടങ്ങിയത്. ഡികോക്കിനെ ധവാന്‍റെ കൈകളിലെത്തിക്കുകയായിരുന്നു ബുമ്ര. വാന്‍ ഡര്‍ ഡസ്സന്‍ 52ഉം ആന്‍ഡിലെ ഫെഹ്‌ലൂക്വായോ നാലും റണ്‍സെടുത്ത് മടങ്ങിതോടെ 41 ഓവ‍ര്‍ പൂര്‍ത്തിയാകുമ്പോള്‍ പ്രോട്ടീസ് 229-6. 

മില്ലര്‍ മിന്നലില്ല, ഇന്ത്യന്‍ തിരിച്ചുവരവ്

അവസാന ഓവറുകളില്‍ ഡേവിഡ് മില്ലറിനെയും ഡ്വെയ്ന്‍ പ്രിട്ടോറ്യൂസിനേയും വലിയ കൂറ്റനടികള്‍ക്ക് ഇന്ത്യന്‍ ബൗളര്‍മാര്‍ അനുവദിക്കാതിരുന്നത് 300 റണ്‍സ് കടക്കുന്നതില്‍ നിന്ന് പ്രോട്ടീസിനെ തടുത്തു. പ്രിട്ടോറ്യൂസ് 25 പന്തില്‍ 20 റണ്‍സെടുത്ത് പ്രസിദ്ധിന് അടിയറവ് പറഞ്ഞപ്പോള്‍ കേശവ് മഹാരാജ്(6) ബുമ്രക്ക് കീഴടങ്ങി. പ്രസിദ്ധ് എറിഞ്ഞ അവസാന ഓവറിലെ മൂന്നാം പന്തില്‍ മില്ലര്‍(38 പന്തില്‍ 39) കോലിയുടെ കൈകളിലെത്തി. അഞ്ചാം പന്തില്‍ സിസാന്‍ഡ് മഗാലയെയും(0) പ്രസിദ്ധ് മടക്കി. ലുങ്കി എന്‍ഗിഡി (0*) പുറത്താകാതെ നിന്നു.

SA v IND : ഡികോക്കിന്‍റെ റണ്‍പെയ്ത്ത്, മിന്നല്‍ സെഞ്ചുറി; കേപ്‌ടൗണില്‍ ഇന്ത്യക്ക് 288 റണ്‍സ് വിജയലക്ഷ്യം