തിലക് വര്‍മയുടെ സെഞ്ചുറിയുടെയും അഭിഷേക് ശര്‍മയുടെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെയും കരുത്തില്‍ ഇന്ത്യ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സെടുത്തു.

സെഞ്ചൂറിയന്‍: ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കക്ക് 220 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യ തിലക് വര്‍മയുടെ സെഞ്ചുറിയുടെയും അഭിഷേക് ശര്‍മയുടെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെയും കരുത്തില്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സെടുത്തു. 56 പന്തില്‍ 107 റണ്‍സുമായി പുറത്താകാതെ നിന്ന തിലക് വര്‍മയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. അഭിഷേക് ശര്‍മ 24 പന്തില്‍ 50 റണ്‍സെടുത്തപ്പോള്‍ ആദ്യ ഓവറില്‍ തന്നെ പൂജ്യത്തിന് പുറത്തായ മലയാളി താരം സഞ്ജു സാംസണും ഒരു റണ്ണെടുത്ത് മടങ്ങിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും നിരാശപ്പെടുത്തി. ദക്ഷിണാഫ്രിക്കക്കായി ആന്‍ഡൈല്‍ സിമെലാനെയും കേശവ് മഹാരാജും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

നിരാശപ്പെടുത്തി വീണ്ടും സഞ്ജു, തകര്‍ത്തടിച്ച് അഭിഷേക്

Scroll to load tweet…

കഴിഞ്ഞ മത്സരത്തില്‍ പൂജ്യത്തിന് പുറത്തായതിന്‍റെ നിരാശ തീര്‍ക്കുമെന്ന് കരുതിയ സഞ്ജു രണ്ടാം പന്തില്‍ തന്നെ പൂജ്യനായി മടങ്ങി. മാര്‍ക്കോ യാന്‍സനാണ് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സഞ്ജുവിനെ പൂജ്യനായി മടക്കിയത്. സഞ്ജു വീണെങ്കിലും രണ്ടാം വിക്കറ്റില്‍ തകര്‍ത്തടിച്ച അഭിഷേക് ശര്‍മയും മൂന്നാം നമ്പറില്‍ സൂര്യകുമാറിന് പകരമിറങ്ങിയ തിലക് വര്‍മയും ചേര്‍ന്ന് ഇന്ത്യയെ പവര്‍ പ്ലേയില്‍ 70 റണ്‍സിലെത്തിച്ചു.16 പന്തില്‍ 37 റണ്‍സടിച്ച അഭിഷേക് ആയിരുന്നു കൂട്ടത്തില്‍ കൂടുതല്‍ ആക്രമിച്ചു കളിച്ചത്. 24 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച അഭിഷേക് ശര്‍മ ഒമ്പതാം ഓവറില്‍ മടങ്ങുമ്പോള്‍ ഇന്ത്യൻ സ്കോര്‍ 107ല്‍ എത്തിയിരുന്നു. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന് ക്രീസില്‍ അധികം ആയുസുണ്ടായില്ല. സിമെലെനെയുടെ പന്തില്‍ സൂര്യകുമാറിനെ(4 പന്തില്‍1) മാര്‍ക്കോ യാന്‍സന്‍ പിടികൂടി.

Scroll to load tweet…

തിലക് തിളക്കം

ഹാര്‍ദ്ദിക് പാണ്ഡ്യ തകര്‍ത്തടിച്ച് തുടങ്ങിയെങ്കിലും പതിമൂന്നാം ഓവറില്‍ സ്കോര്‍ 132ല്‍ നില്‍ക്കെ മടങ്ങി. 32 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച തിലക് വര്‍മ റിങ്കു സിംഗിനെ ഒരറ്റത്ത് നിര്‍ത്തി തകര്‍ത്തടിച്ചതോടെ ഇന്ത്യൻ സ്കോര്‍ കുതിച്ചു. പിന്നീട് നേരിട്ട 19 പന്തില്‍ തിലക് സെഞ്ചുറി തികച്ചു. ഇതിനിടെ 13 പന്തില്‍ 8 റണ്‍സെടുത്ത റിങ്കു മടങ്ങിയെങ്കിലും നേരിട്ട ആദ്യ പന്ത് തന്നെ സിക്സ് അടിച്ച രമണ്‍ദീപ് സിംഗ്(6 പന്തില്‍ 15 ഇന്ത്യയെ 200 കടത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. യാന്‍സന്‍റെ അവസാന ഓവറില്‍ ഇന്ത്യക്ക് നാലു റണ്‍സ് മാത്രം നേടാനായുള്ളു.

Scroll to load tweet…

നേരത്തെ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. കഴിഞ്ഞ മത്സരത്തില്‍ കളിച്ച പേസര്‍ ആവേഷ് ഖാന് പകരം ഓള്‍ റൗണ്ടര്‍ രമണ്‍ദീപ് സിംഗ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക