Asianet News MalayalamAsianet News Malayalam

SA vs IND : ആ താരം വേണമായിരുന്നു; 'നടു'വൊടിഞ്ഞ ടീം ഇന്ത്യക്ക് മഞ്ജരേക്കറുടെ ഉപദേശം

ഒരു താരത്തെ ബാറ്റിംഗ് ലൈനപ്പില്‍ ടീം ഇന്ത്യ ഉള്‍ക്കൊള്ളിക്കേണ്ടിയിരുന്നു എന്നാണ് സഞ്ജയ് മഞ്ജരേക്കറുടെ വാദം

South Africa vs India Sanjay Manjrekar suggests one change to fix Team India middle order collapse
Author
Paarl, First Published Jan 20, 2022, 11:05 AM IST

പേള്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തില്‍ (South Africa vs India 1st ODI) ടീം ഇന്ത്യയെ (Team India) തോല്‍വിയിലേക്ക് തള്ളിവിട്ടത് മധ്യനിരയുടെ ബാറ്റിംഗ് പരാജയമായിരുന്നു. ഓപ്പണർ ശിഖർ ധവാനും (Shikhar Dhawan) മൂന്നാമന്‍ വിരാട് കോലിയും (Virat Kohli) അർധ സെഞ്ചുറി നേടിയെങ്കിലും പിന്നീടങ്ങോട്ട് ബാറ്റിംഗ് നിര താളം കണ്ടെത്തിയില്ല. ഇന്ത്യന്‍ മധ്യനിരയുടെ പരാജയം ചർച്ചയാവുന്നതിനിടെ നിർദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍താരം സഞ്ജയ് മഞ്ജരേക്കർ (Sanjay Manjrekar). 

ഒരു താരത്തെ ബാറ്റിംഗ് ലൈനപ്പില്‍ ടീം ഇന്ത്യ ഉള്‍ക്കൊള്ളിക്കേണ്ടിയിരുന്നു എന്നാണ് സഞ്ജയ് മഞ്ജരേക്കറുടെ വാദം. 'മധ്യനിരയുടെ കരുത്ത് പോരായിരുന്നു. വേഗം കുറയുന്ന പിച്ചില്‍ റിഷഭ് പന്ത് നാലാം നമ്പറിലും പരിചയക്കുറവുള്ള വെങ്കടേഷ്‍ അയ്യർ ആറാം നമ്പറിലുമെത്തി. ഈ ബാറ്റിംഗ് ഓർഡർ എതിരാളികള്‍ക്ക് വലിയ ഭീഷണി സൃഷ്ടിക്കുന്നില്ല. സൂര്യകുമാർ യാദവിനെ പോലൊരു താരത്തിന് അവസരം ടീം ഇന്ത്യ നല്‍കണമായിരുന്നു' എന്നും മഞ്ജരേക്കർ ഇഎസ്‍പിഎന്‍ ക്രിക്ഇന്‍ഫോയിലെ ചർച്ചയില്‍ പറഞ്ഞു. 

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യ 31 റൺസിന്‍റെ തോൽവിയാണ് വഴങ്ങിയത്. വിജയലക്ഷ്യമായ 297 റൺസ് പിന്തുടര്‍ന്ന ഇന്ത്യക്ക് 8 വിക്കറ്റിന് 265 റൺസ് മാത്രമേ നേടാനായുള്ളൂ. നായകന്‍ കെ എല്‍ രാഹുല്‍ 12 റണ്‍സില്‍ മടങ്ങിയ ശേഷം 79 റൺസുമായി ശിഖര്‍ ധവാനും 51 റൺസെടുത്ത വിരാട് കോലിയും തിളങ്ങിയെങ്കിലും മധ്യനിര പാളി. റിഷഭ് പന്ത്(16), ശ്രേയർ അയ്യർ(17), വെങ്കടേഷ് അയ്യർ(2) എന്നിങ്ങനെയായിരുന്നു പിന്നീട് വന്നവരുടെ സ്കോർ. 43 പന്തില്‍ 50 റൺസെടുത്ത ഷർദ്ദുല്‍ താക്കൂറുമാണ് ഇന്ത്യയുടെ തോല്‍വി ഭാരം കുറച്ചത്. 

ടോസ് നേടി ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിൽ 296 റൺസെടുത്തു. നായകന്‍ തെംബാ ബാവൂമയും വാന്‍ ഡെര്‍ ഡസനും സെഞ്ചുറി നേടി. ബാവൂമ 110ഉം വാന്‍ ഡെര്‍ ഡസന്‍ പുറത്താകാതെ 129ഉം റൺസെടുത്തു. 

SA vs IND: ഇന്ത്യയുടെ തുടക്കം തോല്‍വിയോടെ, ദക്ഷിണാഫ്രിക്കയുടെ ജയം 31 റണ്‍സിന്

Follow Us:
Download App:
  • android
  • ios