മഴ തടസപ്പെടുത്തിയ മത്സരം ദക്ഷിണാഫ്രിക്ക ഡിഎല്‍എസ് നിയമപ്രകാരം ആറ് റണ്‍സിന് വിജയിച്ചു.

ലക്‌നൗ: ദക്ഷിണാഫ്രിക്കന്‍ വനിതകള്‍ക്ക് എതിരായ മൂന്നാം ഏകദിനത്തില്‍ ലിസെല്‍ ലീയുടെ സെഞ്ചുറിയിലും മഴയിലും മിതാലിപ്പടയ്‌ക്ക് തോല്‍വി. മഴ തടസപ്പെടുത്തിയ മത്സരം ദക്ഷിണാഫ്രിക്ക ഡിഎല്‍എസ് നിയമപ്രകാരം ആറ് റണ്‍സിന് വിജയിച്ചു. ഇതോടെ അഞ്ച് ഏകദിനങ്ങളുടെ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 2-1ന് മുന്നിലെത്തി. സെഞ്ചുറിത്തിളക്കവുമായി ലീ മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടു.

ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ അഞ്ച് വിക്കറ്റിന് 248 റണ്‍സെടുത്തു. വണ്‍ഡൗണായി ഇറങ്ങി 77 റണ്‍സെടുത്ത പൂനം റൗത്താണ് ഇന്ത്യന്‍ വനിതകളിലെ ടോപ് സ്‌കോറര്‍. മിതാലി രാജ്, ഹര്‍മന്‍പ്രീത് കൗര്‍, ദീപ്‌തി ശര്‍മ്മ എന്നിവര്‍ 36 റണ്‍സ് വീതവും സ്‌മൃതി മന്ദാന 25 ഉം സുഷ്‌മ വര്‍മ 14 റണ്‍സുമെടുത്തു. ദക്ഷിണാഫ്രിക്കയ്‌ക്കായി ഷ‌ബ്‌നിം ഇസ്‌മായില്‍ രണ്ടും മാരിസാനേ കാപ്പ്, തുമി സെഖുഖൂനെ, അന്നേ ബോഷ് എന്നിവര്‍ ഓരോ വിക്കറ്റും നേടി. 

മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്‌സ് 46.3 ഓവറില്‍ 223-4 എന്ന സ്‌കോറില്‍ നില്‍ക്കേ മഴയെത്തുകയായിരുന്നു. സെഞ്ചുറിയുമായി ഓപ്പണര്‍ ലിസെല്‍ ലീയും(131 പന്തില്‍ 132*), അന്നേ ബോഷും(28 പന്തില്‍ 16*) ആയിരുന്നു ഈസമയം ക്രീസില്‍. ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡ്(12), ലാറ ഗുഡോള്‍(16), മിഗ്നോന്‍ ഡു പ്രീസ്(37), മാരിസാന്നേ കാപ്പ്(0) എന്നിവരുടെ വിക്കറ്റ് ദക്ഷിണാഫ്രിക്കയ്‌ക്ക് നഷ്‌ടമായി. ജൂലന്‍ ഗോസ്വാമി രണ്ടും രാജേശ്വരി ഗേയ്‌ക്‌വാദും ദീപ്‌തി ശര്‍മ്മയും ഓരോ വിക്കറ്റും നേടി.

മിഥാലിക്ക് മറ്റൊരു പൊന്‍തൂവല്‍; 10000 റണ്‍സ് നേടുന്ന ആദ്യ ഇന്ത്യന്‍ വനിത