ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്ക 48.4 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 

ലഖ്‌നൗ: ഇന്ത്യന്‍ വനികള്‍ക്കെതിരായ ഏകദിന പരമ്പര ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. നാലാം ഏകദിനത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്ക 48.4 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 3-1ന് മുന്നിലെത്തി. പരമ്പരയും സന്ദര്‍ശകര്‍ക്കൊപ്പം നിന്നു. 

വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്കന്‍ നിരയില്‍ എല്ലാവരും മികച്ച പ്രകടനം പുറത്തെടുത്തു. ഓപ്പണര്‍മാരായ ലിസല്ലെ ലീ (69), ലൗറ വോള്‍വാര്‍ട്ട് (53) എന്നിവര്‍ തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. സ്‌കോര്‍ 116ല്‍ നില്‍ക്കെ ഇരുവരും പിരിഞ്ഞെങ്കിലും മൂന്നമതായി ക്രീസിലെത്തിയ ലൗറ ഗുഡാള്‍ (പുറത്താവാതെ 59), മിഗ്നോന്‍ ഡു പ്രീസ് (61) എന്നിവരുടെ ഇന്നിങ്‌സ് അവര്‍ക്ക് വിജയം സമ്മാനിച്ചു. ഡു പ്രീസ് പുറത്തായെങ്കിലും മരിസാനെ കാപ്പ് (22) ഗുഡാളിനൊപ്പം ടീമിനെ വിജയത്തിലേക്ക് നയിച്ചു. മന്‍സി ജോഷി, രാജേശ്വരി ഗെയ്കവാദ്, ഹര്‍മന്‍പ്രീത് കൗര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. 

നേരത്തെ പൂനം റാവത്തിന്റെ സെഞ്ചുറിയാണ് (123 പന്തില്‍ 104) ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. പത്ത് ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു പൂനത്തിന്റെ ഇന്നിങ്‌സ്. ഹര്‍മന്‍പ്രീത് കൗര്‍ (54), മിതാലി രാജ് (45), പ്രിയ പൂനിയ (32) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. സ്മൃതി മന്ഥാന (10)യാണ് പുറത്തായ മറ്റൊരു താരം. ദീപ്തി ശര്‍മ (8) പൂനത്തിനൊപ്പം പുറത്താവാതെ നിന്നു. സെഖുഖുനെ ദക്ഷിണാഫ്രിക്കയ്ക്കായി രണ്ട് വിക്കറ്റ് വീഴ്ത്തി.