Asianet News MalayalamAsianet News Malayalam

എബി ഡിവില്ലിയേഴ്‌സ് വീണ്ടും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനൊപ്പം; സന്തോഷം പങ്കുവച്ച് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം

ഈ മാസം പതിനഞ്ചിന് മുന്‍പ് നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക ടീമുകള്‍ ഐപിഎല്ലിന് നല്‍കണം. ആര്‍സിബിയില്‍ തിരിച്ചെത്തിയ സന്തോഷം എബി ഡിവില്ലിയേഴ്‌സ് മറച്ചുവച്ചില്ല.

South African legend AB de Villiers reached in bengaluru ahead of ipl mini auction
Author
First Published Nov 4, 2022, 6:56 PM IST

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ഇതിഹാസം എബി ഡിവില്ലിയേഴ്‌സ് ഐപിഎല്ലിലേക്ക് മടങ്ങിയെത്തുന്നു. അടുത്ത സീസണിലെ ഐപിഎല്ലിന് മുന്നോടിയായി താരം ആര്‍സിബിക്കൊപ്പം ചേര്‍ന്നു. മിസ്റ്റര്‍ 360യില്ലാത്ത ഐപിഎല്ലായിരുന്നു കഴിഞ്ഞ സീസണ്‍. എബിഡിയുടെ വെടിക്കെട്ടിന്റെ കുറവ് നികത്താന്‍ ഒരിക്കല്‍കൂടി സൂപ്പര്‍താരത്തെ ഒപ്പം കൂട്ടുകയാണ് ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ്. അടുത്ത മാസം നടക്കുന്ന മിനി താരലേലത്തിന് മുന്നോടിയായി ബെംഗളൂരുവിലെത്തിയ എബിഡിവില്ലിയേഴ്‌സ് ടീമിനൊപ്പം ചേര്‍ന്നു.

ഈ മാസം പതിനഞ്ചിന് മുന്‍പ് നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക ടീമുകള്‍ ഐപിഎല്ലിന് നല്‍കണം. ആര്‍സിബിയില്‍ തിരിച്ചെത്തിയ സന്തോഷം എബി ഡിവില്ലിയേഴ്‌സ് മറച്ചുവച്ചില്ല. 12 സീസണുകളില്‍ ആര്‍സിബിക്കൊപ്പം കളിച്ച 38 കാരനായ എബിഡിയെ ഏത് റോളിലാകും ഇനി ടീം ഉപയോഗിക്കുകയെന്ന് വരുംദിവസങ്ങളില്‍ മാത്രമേ വ്യക്തമാകൂ. കളിക്കാരനോ പരിശീലകനോ ആയിട്ടായിരിക്കില്ല താന്‍ എത്തുക എന്നും മറ്റേതെങ്കിലും ചുമതലകളിലായിരിക്കുമെന്നും കഴിഞ്ഞമാസം ആരാധകരുമായി സംവദിക്കവെ സോഷ്യല്‍ മീഡിയയില്‍ സംസാരിക്കുന്നതിനിടെ ഡിവില്ലിയേഴ്‌സ് പറഞ്ഞിരുന്നു.

അന്ന് ഡിവില്ലിയേഴ്‌സ് പറഞ്ഞതിങ്ങനെ... ''അടുത്തവര്‍ഷം ഒരിക്കല്‍ കൂടി ഞാന്‍ ആര്‍സിബിയുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിലെത്തും. ക്രിക്കറ്റ് കളിക്കാനായല്ല വരുന്നത്. ഐപിഎല്‍ കിരീടം നേടാനാകാത്തതില്‍ ആര്‍സിബി ആരാധകരോട് ക്ഷമ ചോദിക്കാനായാണ്. കഴിഞ്ഞ ഒരു ദശകമായി നല്‍കിയ പിന്തുണക്ക് അവര്‍ക്ക് നന്ദി പറയുകയും വേണം. ഇനി എന്തായാലും എനിക്ക് ക്രിക്കറ്റ് കളിക്കാനാവില്ല. കാരണം, എന്റെ വലത്തേ കണ്ണിന് ഇപ്പോള്‍ ശസ്ത്രക്രിയ കഴിഞ്ഞതേയുള്ളു. അതിനാല്‍ ഇനി കളിക്കാരനായി ഒരിക്കലും എത്തില്ല. അതുപോലെ പരിശീലകനാവാനും ഞാനില്ല. കാരണം, പരിശീലകനായാല്‍ ടീമിനൊപ്പം ഒരുപാട് യാത്ര ചെയ്യേണ്ടിവരും.

കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാനായാണ് നേരത്തെ ക്രിക്കറ്റ് നിര്‍ത്തിയത് തന്നെ. പക്ഷെ എന്റെ പക്കലുള്ള അറിവ് പങ്കുവെക്കാന്‍ ഞാനൊരുക്കമാണ്. പക്ഷെ ടീമിനൊപ്പം ചേര്‍ന്ന് വീണ്ടും ലോകസഞ്ചാരം തുടങ്ങാന്‍ ഞാനില്ല. കാരണം, 18 വര്‍ഷത്തോളം ലോക സഞ്ചാരം കഴിഞ്ഞ് കുടുംബത്തോടൊപ്പം കഴിയാന്‍ കഴിയുന്നതില്‍ ഞാനിപ്പോള്‍ സന്തുഷ്ടനാണ്.'' ഡിവില്ലിയേഴ്‌സ് പറഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios