കരുത്തരായ താരങ്ങളുടെ നീണ്ട നിരയുള്ള വെസ്റ്റ് സോണിന് അവസാന ഇന്നിംഗ്സില്‍ 298 റണ്‍സാണ് ജയിക്കാന്‍ വേണ്ടിയിരുന്നത്

ബെംഗളൂരു: ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്‍റില്‍ കരുത്തരായ വെസ്റ്റ് സോണിനെ 75 റണ്‍സിന് മലർത്തിയടിച്ച് സൗത്ത് സോണിന് കിരീടം. അവസാന ഇന്നിംഗ്‍സില്‍ 298 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ വെസ്റ്റ് സോണ്‍ 222ല്‍ ഓള്‍ഔട്ടാവുകയായിരുന്നു. വെസ്റ്റ് സോണിന് അഞ്ച് വിക്കറ്റ് കയ്യിലിരിക്കേ അഞ്ചാം ദിനം 116 റണ്‍സാണ് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ 182/5 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച അവർക്ക് 40 റണ്‍സ് കൂട്ടിച്ചേർക്കുമ്പോഴേക്ക് അഞ്ച് വിക്കറ്റുകളും നഷ്ടമാവുകയായിരുന്നു. 

കരുത്തരായ താരങ്ങളുടെ നീണ്ട നിരയുള്ള വെസ്റ്റ് സോണിന് അവസാന ഇന്നിംഗ്സില്‍ 298 റണ്‍സാണ് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ നാല് വിക്കറ്റ് വീതവുമായി വാസുകി കൗശിക്കും രവിശ്രീനിവാസന്‍ സാ കിഷോറും ഓരോ വിക്കറ്റ് നേടി വിദ്വത് കവരെപ്പയും വിജയകുമാർ വൈശാഖും വരിഞ്ഞുമുറുക്കി. 94 റണ്‍സുമായി അഞ്ചാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച നായകന്‍ പ്രിയങ്ക് പാഞ്ചലിനെ തുടക്കത്തിലെ പുറത്താക്കിയ കവരെപ്പയാണ് കളി സൗത്തിന്‍റെ വഴിയേ തിരിച്ചുവിട്ടത്. പാഞ്ചലിന് ഒരു റണ്‍സ് കൂടിയേ ഇന്ന് നേടാനായുള്ളൂ. അദേഹം 95ല്‍ മടങ്ങി. ഷാംസ് മലാനി(2), ദർമേന്ദ്ര സിംഗ് ജഡേജ(15), ചിന്ദന്‍ ഗാജ(0), അതിദ് ഷേത്(9), അർസാന്‍ നാഗവസ്വാല(0*) എന്നിങ്ങനെയായിരുന്നു പിന്നിടുള്ളവരുടെ സ്കോറുകള്‍.

പ്രിയങ്ക് പാഞ്ചലിന്‍റെ സഹ ഓപ്പണറായ പൃഥ്വി ഷാ(7), വിക്കറ്റ് കീപ്പർ ഹാർവിക് ദേശായി(4), ചേതേശ്വർ പൂജാര(14), സൂര്യകുമാർ യാദവ്(4), സർഫറാസ് ഖാന്‍(48) എന്നീ പ്രമുഖ ബാറ്റർമാരുടെ വിക്കറ്റ് നാലാം ദിനം വെസ്റ്റ് സോണിന് നഷ്ടമായിരുന്നു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത സൗത്ത് സോണ്‍ ഒന്നാം ഇന്നിംഗ്സില്‍ 213 റണ്‍സ് നേടിയപ്പോള്‍ വെസ്റ്റ് സോണിന്‍റെ മറുപടി ഇന്നിംഗ്സ് 146 റണ്‍സില്‍ അവസാനിച്ചിരുന്നു. രണ്ടാം ഇന്നിംഗ്സില്‍ 230 റണ്‍സും നേടി വ്യക്തമായ ലീഡെടുത്ത സൗത്ത് സോണ്‍ 298 റണ്‍സിന്‍റെ വിജയലക്ഷ്യം വച്ചുനീട്ടുകയായിരുന്നു. ആദ്യ ഇന്നിംഗ്സിലെ 7 അടക്കം എട്ട് വിക്കറ്റ് ഫൈനലില്‍ നേടിയ സൗത്തിന്‍റെ വിദ്വത് കവരെപ്പയാണ് കലാശപ്പോരിലേയും ടൂർണമെന്‍റിലേയും മികച്ച താരം. 

Scroll to load tweet…

Read more: 'ഇന്ത്യയില്‍ കളിച്ച് കപ്പ് നേടുന്നതാണ് ഇരട്ടി മധുരം'; ലോകകപ്പ് ബഹിഷ്‍കരണ ആഹ്വാനങ്ങള്‍ക്കെതിരെ അഫ്രീദി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം