ബര്‍മിംഗ്‌ഹാം: 'പന്ത് ചുരണ്ടല്‍' വിവാദത്തെ തുടര്‍ന്ന് ടീമിന് പുറത്തായിരുന്ന ഓസീസ് താരങ്ങളായ സ്റ്റീവ് സ്‌മിത്ത്, ഡേവിഡ് വാര്‍ണര്‍, കാമറൂണ്‍ ബന്‍ക്രോഫ്റ്റ് എന്നിവരുടെ ടെസ്റ്റ് മടങ്ങിവരവിനാണ് ആഷസ് സാക്ഷ്യംവഹിക്കുന്നത്. ബര്‍മിംഗ്‌ഹാമിലെ ഒന്നാം ടെസ്റ്റിനിടെ പരമ്പരാഗത വൈരികളായ ഇംഗ്ലീഷ് കാണികള്‍ മൂവര്‍ക്കും അത്ര നല്ല സ്വീകരണമല്ല നല്‍കിയത്. ഓസീസ് ഓപ്പണര്‍ വാര്‍ണര്‍ പുറത്തായപ്പോള്‍ ഇംഗ്ലീഷ് കാണികള്‍ സാന്‍ഡ് പേപ്പര്‍ ഉയര്‍ത്തിക്കാട്ടി ആഘോഷിച്ചു.

ടെസ്റ്റ് മടങ്ങിവരവില്‍ തിളങ്ങാന്‍ വാര്‍ണര്‍ക്കും ബന്‍ക്രോഫ്റ്റിനുമായില്ല. തുടക്കത്തിലെ ആഞ്ഞടിച്ച ഇംഗ്ലീഷ് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ് രണ്ട് റണ്‍സെടുത്ത വാര്‍ണറെ എല്‍ബിയില്‍ കുടുക്കിയപ്പോള്‍ എട്ട് റണ്‍സെടുത്ത ബന്‍ക്രോഫ്റ്റിനെ റൂട്ടിന്‍റെ കൈകളിലെത്തിച്ചു. ഇതോടെ രണ്ട് വിക്കറ്റിന് 17 റണ്‍സ് എന്ന നിലയില്‍ തുടക്കത്തിലെ പ്രതിരോധത്തിലായി ഓസ്‌ട്രേലിയ. നേരത്തെ ലോകകപ്പില്‍ ഏകദിന മടങ്ങിവരവ് നടത്തിയപ്പോള്‍ സ്‌മിത്തിനെയും വാര്‍ണറെയും ഇംഗ്ലീഷ് കാണികള്‍ കൂവിയിരുന്നു. 

കേപ്‌ടൗണില്‍ കഴി‍ഞ്ഞ വര്‍ഷം(2018) ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിനിടെയാണ് 'സാന്‍ഡ് പേപ്പര്‍' ഉപയോഗിച്ച് വിവാദമായ പന്ത് ചുരണ്ടല്‍ നടന്നത്. തുടര്‍ന്ന് നായകന്‍ സ്റ്റീവ് സ്‌മിത്ത്, ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണര്‍, കാമറോണ്‍ ബാന്‍ക്രോഫ്റ്റ് എന്നിവരെ ക്രിക്കറ്റ് ഓസ്‌ട്രേലിയ ഒരു വര്‍ഷത്തേക്ക് വിലക്കുകയായിരുന്നു.