രഹാനെയെ സ്ക്വാഡിൽ കാണാൻ ആഗ്രഹിക്കുന്നു എന്നാണ് ശ്രീശാന്ത് പറഞ്ഞത്. പ്രത്യേകിച്ച് ഇന്ത്യയിലാണ് ലോകകപ്പ് നടക്കുന്നത് എന്നുള്ളതും പരിഗണിക്കണം

മുംബൈ: ഇന്ത്യയുടെ ഏകദിന ടീമിലേക്ക് അജിൻക്യ രഹാനെ തിരിച്ചെത്തണമെന്നുള്ള വാദത്തിനെ പിന്തുണച്ച് മലയാളി താരം എസ് ശ്രീശാന്ത്. ഈ വര്‍ഷം അവസാനം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിലേക്കുള്ള സാധ്യതയായാണ് രഹാനെയെ ശ്രീശാന്ത് പിന്തുണച്ചത്. 2018ലാണ് രഹാനെ അവസാനമായി ഇന്ത്യക്ക് വേണ്ടി ഏകദിനത്തില്‍ കളിച്ചത്. ടെസ്റ്റ് ടീമിലില്‍ നിന്ന് താരത്തെ നേരത്തെ ഒഴിവാക്കിയിരുന്നു. പക്ഷേ, രഞ്ജി ട്രോഫിയിലെയും ഐപിഎല്ലിലെയും മികവ് താരത്തെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ടീമില്‍ എത്തിച്ചു.

രഹാനെയെ സ്ക്വാഡിൽ കാണാൻ ആഗ്രഹിക്കുന്നു എന്നാണ് ശ്രീശാന്ത് പറഞ്ഞത്. പ്രത്യേകിച്ച് ഇന്ത്യയിലാണ് ലോകകപ്പ് നടക്കുന്നത് എന്നുള്ളതും പരിഗണിക്കണം. സെലക്ടർമാർക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും ധീരമായ നീക്കങ്ങളിൽ ഒന്നായിരിക്കും അത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ അദ്ദേഹം മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് വിശ്വാസമുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു. എന്നാല്‍, രഹാനെയുടെ ഏകദിനത്തിലേക്കുള്ള മടങ്ങി വരവിനെ ശക്തമായി എതിര്‍ത്ത് കൊണ്ട് ഇതിഹാസ താരം സുനില്‍ ഗവാസ്കര്‍ രംഗത്ത് വന്നു.

വൈറ്റ് ബോൾ ടീമിലേക്ക് മടങ്ങിവരാൻ രഹാനെയ്ക്ക് ഇത് ശരിയായ സമയമല്ലെന്നാണ് ഗവാസ്കര്‍ പറഞ്ഞത്. രഹാനെയുടെ മടങ്ങിവരവ് ഒരു നല്ല ആശയമാണെന്ന് കരുതുന്നു. പക്ഷേ അത് ഇപ്പോള്‍ ശരിയാവില്ല. ഏകദിനവും ടെസ്റ്റും തമ്മില്‍ വ്യത്യാസമുണ്ടെന്ന് ഓര്‍ക്കണമെന്നും ഗവാസ്കര്‍ പറഞ്ഞു.

പകരം, ആവശ്യമെങ്കിൽ മധ്യനിരയിൽ ബാറ്റ് ചെയ്യാൻ കഴിയുന്ന യശസ്വി ജയ്‌സ്വാൾ, റുതുരാജ് ഗെയ്‌ക്‌വാദ് എന്നിവരെ കാണാനാണ് ആഗ്രഹിക്കുന്നത്. വൈറ്റ് - ബോൾ ഫോർമാറ്റിൽ നന്നായി കളിക്കുന്ന ആരെങ്കിലും പരീക്ഷിക്കണം. ഓപ്പണിംഗ് ബാറ്റര്‍മാരായ യശസ്വി ജയ്‌സ്വാൾ, റുതുരാജ് ഗെയ്‌ക്‌വാദ് എന്നിവരെ പോലെയുള്ളവർക്ക് മധ്യനിരയിൽ ബാറ്റ് ചെയ്യാമെന്നും ഗവാസ്കര്‍ കൂട്ടിച്ചേര്‍ത്തു. 

പഞ്ചാബിലുണ്ടായിട്ടും കളി കാണാൻ എത്തിയില്ല; മുംബൈ ജേഴ്സി ധരിച്ച് സുവ‍‍ർണ ക്ഷേത്രത്തിൽ പ്രാര്‍ഥിച്ച് നിത അംബാനി