ഐപിഎല്ലിലെ സ്ലാപ്‌ഗേറ്റ് വിവാദം ആസ്പദമാക്കി പരസ്യം ചെയ്ത് ഹര്‍ഭജന്‍ സിങ്ങ് കോടികള്‍ സമ്പാദിച്ചുവെന്ന് എസ് ശ്രീശാന്ത് ആരോപിച്ചു. 

കൊച്ചി: മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി എസ് ശ്രീശാന്ത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ആദ്യ സീസണില്‍ ക്രിക്കറ്റ് ലോകത്തെ പിടിച്ചുലച്ച സ്ലാപ്‌ഗേറ്റ് വിവാദത്തെ കുറിച്ചാണ് 18 വര്‍ഷങ്ങള്‍ക്കിപ്പുറം ശ്രീശാന്ത് സംസാരിക്കുന്നത്. ആ പഴയ തല്ല് വിവാദത്തെ തമാശരൂപേണ ചിത്രീകരിച്ച് പരസ്യത്തിലൂടെ ഹര്‍ഭജന്‍ പണമുണ്ടാക്കിയെന്നാണ് ശ്രീശാന്തിന്റെ ആരോപണം. ഹര്‍ഭജനുമായുള്ള എല്ലാ ബന്ധങ്ങളും താന്‍ അവസാനിപ്പിച്ചതായും അദ്ദേഹത്തെ ഇന്‍സ്റ്റാഗ്രാമില്‍ ബ്ലോക്ക് ചെയ്തതായും ശ്രീശാന്ത് വെളിപ്പെടുത്തി.

Add Asianetnews as a Preferred SourcegooglePreferred

വിവാദമായ ആ സംഭവത്തെ ആസ്പദമാക്കി നിര്‍മ്മിച്ച ഒരു പരസ്യചിത്രത്തിലൂടെ ഹര്‍ഭജന്‍ ഏകദേശം 80 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ സമ്പാദിച്ചതായി ശ്രീശാന്ത് ആരോപിക്കുന്നു. ''അടുത്തിടെ വരെ ഞങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നു. എന്നാല്‍ ആ സംഭവത്തെക്കുറിച്ച് അദ്ദേഹം വീണ്ടും ഒരു പരസ്യം ചെയ്തു. ഏകദേശം ഒരു കോടിയോളം രൂപ അദ്ദേഹം അതിലൂടെ സമ്പാദിച്ചു. എന്നിട്ട് എന്നെ വിളിച്ച് ആ പരസ്യം സോഷ്യല്‍ മീഡിയയില്‍ സ്റ്റോറിയായി ഇടാന്‍ ആവശ്യപ്പെട്ടു. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു, 'ഞാന്‍ ക്ഷമിക്കും, പക്ഷേ ഒരിക്കലും മറക്കില്ല'. ഒരാള്‍ നിങ്ങളോട് തെറ്റ് ചെയ്താല്‍ ക്ഷമിക്കണം, പക്ഷേ അത് മറക്കരുത്. മറന്നാല്‍ അവര്‍ അത് ആവര്‍ത്തിക്കും. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് അദ്ദേഹം.

പരസ്യമായി ഹര്‍ഭജന്‍ കാണിക്കുന്ന സൗഹൃദം വെറും പ്രകടനമാണെന്നും ശ്രീശാന്ത് തുറന്നടിച്ചു. ''ആ വ്യക്തിയുമായി എനിക്ക് ഇപ്പോള്‍ യാതൊരു ബന്ധവുമില്ല. ഞാന്‍ അദ്ദേഹത്തെ സഹോദരന്‍ എന്നാണ് വിളിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ഒന്നോ രണ്ടോ മാസത്തിനിടെ അദ്ദേഹം ആ പരസ്യം ചെയ്തു. ഇപ്പോള്‍ ഞാന്‍ അദ്ദേഹത്തെ ഇന്‍സ്റ്റാഗ്രാമില്‍ ബ്ലോക്ക് ചെയ്തു. അശ്വിനുമായുള്ള അഭിമുഖത്തില്‍ പോലും അദ്ദേഹം എന്റെ മകളെക്കുറിച്ച് സംസാരിക്കുന്നത് കണ്ടു. ഇതൊക്കെ കാണുമ്പോള്‍ അദ്ദേഹം വലിയ ആളാണെന്ന് ആളുകള്‍ക്ക് തോന്നും. എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം ഇതെല്ലാം വെറും അഭിനയമാണ്.'' ശ്രീശാന്ത് പറഞ്ഞു.

എന്താണ് സ്ലാപ്‌ഗേറ്റ് വിവാദം

2008 ഏപ്രിലില്‍ മുംബൈ ഇന്ത്യന്‍സും കിംഗ്സ് ഇലവന്‍ പഞ്ചാബും തമ്മിലുള്ള മത്സരത്തിന് ശേഷം കൈകൊടുക്കുന്നതിനിടെ ഹര്‍ഭജന്‍ ശ്രീശാന്തിന്റെ മുഖത്തടിക്കുകയായിരുന്നു. ഗ്രൗണ്ടില്‍ വെച്ച് ശ്രീശാന്ത് പൊട്ടിക്കരയുന്ന ദൃശ്യങ്ങള്‍ അന്ന് വലിയ വാര്‍ത്തയായിരുന്നു. തുടര്‍ന്ന് ഹര്‍ഭജനെ ആ ഐപിഎല്‍ സീസണില്‍ നിന്ന് വിലക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ഐപിഎല്‍ മുന്‍ കമ്മീഷണര്‍ ലളിത് മോദി ഈ സംഭവത്തിന്റെ വ്യക്തമായ വീഡിയോ പുറത്തുവിട്ടതോടെ വിവാദം വീണ്ടും സജീവമായിരുന്നു.

YouTube video player