കൊച്ചി: വീണ്ടും ദേശീയ ടീമില്‍ കളിക്കുന്നതിനെ കുറിച്ച് വാചാലനായി എസ് ശ്രീശാന്ത്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീശാന്ത് മനസ് തുറന്നത്. സെപ്റ്റംബര്‍ 13 ന് വിലക്ക് മാറുന്നതോടെ കളിക്കളത്തിലേക്കു മടങ്ങിയെത്താന്‍ കാത്തിരിക്കുകയാണു താരം. ക്രിക്കറ്റിലേക്കുള്ള എന്റെ തിരിച്ചുവരവ് എല്ലാവര്‍ക്കും പ്രചോദനമായിരിക്കണമെന്നാണ് ശ്രീശാന്ത് പറയുന്നത്. 

ക്രിക്കറ്റില്‍ ലഭിച്ച ആജീവനാന്ത വിലക്ക് കഴിഞ്ഞ വര്‍ഷമാണ് ഏഴു വര്‍ഷമായി ചുരുക്കിയത്. ഇതിനിടെ താരം പരിശീലനവും ആരംഭിച്ചിരുന്നു. ഇതിനിടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ശ്രീ തുടര്‍ന്നു... ''2023 ലോകകപ്പില്‍ ഇന്ത്യയ്ക്കായി കളിക്കുകയെന്നതാണ് ഇനി ഏറ്റവും വലിയ സ്വപ്നം. ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങാന്‍ സാധിച്ചാല്‍ ഐപിഎല്ലിലെ എന്റെ തിരിച്ചുവരവ് തടയരുത്. അടുത്ത അഞ്ചു വര്‍ഷമെങ്കിലും അതിന് അനുവദിക്കൂ. കേരളത്തിനായി രഞ്ജി ട്രോഫിയും ഇറാനി ട്രോഫിയും വിജയിക്കുകയെന്നതാണു ലക്ഷ്യം.

ഒരാഴ്ചയിലെ ആറു ദിവസവും 14 ഓവറുകള്‍ വച്ചാണു ഞാന്‍ പരിശീലനത്തില്‍ ഏര്‍പ്പെടുന്നത്.  ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളും കളിക്കാന്‍ തയാറാകുകയാണ് എന്റെ ലക്ഷ്യം. യോഗയും ധ്യാനവും ചെയ്താണ് എല്ലാ ദിവസവും തുടങ്ങുന്നത്. ക്രിക്കറ്റിലെ നിയമങ്ങള്‍ പലതും മാറിയത് ഞാന്‍ അറിഞ്ഞിരുന്നില്ല. ഞാനെന്റെ ആദ്യ മത്സരം കളിക്കുന്നതുപോലെയാണ് എനിക്കിപ്പോള്‍ തോന്നുത്. 

ഞാന്‍ മികച്ച പ്രകടനം നടത്തുകയാണെങ്കില്‍ എന്റെ പ്രായമോ, മറ്റു കാര്യങ്ങളോ പരിഗണിക്കരുതെന്നാണു പറയാനുള്ളത്. എനിക്കു കളിക്കാന്‍ അര്‍ഹതയുള്ള ഏതു ടീമിലേക്കും എന്നെ പരിഗണിക്കണം.'' ശ്രീ പറഞ്ഞുനിര്‍ത്തി.