ഐപിഎല്ലിന്‍റെ ആദ്യ സീസണില്‍ മുംബൈ ഇന്ത്യന്‍സ് നായകന്‍ കൂടിയായിരുന്ന ഹര്‍ഭജന്‍ സിംഗും കിംഗ്സ് ഇലവന്‍ പഞ്ചാബ് താരമായിരുന്ന ശ്രീശാന്തും തമ്മിലുള്ള വാക് പോരും തുടര്‍ന്ന് മത്സരശേഷം ഹസ്തദാനം ചെയ്യുമ്പോള്‍ ഹര്‍ഭജന്‍ ശ്രീശാന്തിന്‍റെ കരണത്തടിച്ചതും വലിയ വിവാദമായിരുന്നു.
കൊച്ചി: സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗിന്(Harbhajan Singh) ആശംസയുമായി മലയാളി താരം ശ്രീശാന്ത്(Sreesanth). ഇന്ത്യന്‍ ക്രിക്കറ്റിലെ മാത്രമല്ല ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച കളിക്കാരിലൊരാളായിരുന്നു ഹര്‍ഭജനെന്ന് ശ്രീശാന്ത് കുറിച്ചു. താങ്കള അടുത്തറിയാനും താങ്കള്‍ക്കൊപ്പം കളിക്കാനും കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു. പന്തെറിയാന്‍ തുടങ്ങുമുമ്പുള്ള താങ്കളുടെ സ്നേഹാലിംഗനം എക്കാലത്തും സന്തോഷം നല്‍കുന്നതും ഭാഗ്യവുമാണ്. നിറയെ ആദരവും സ്നേഹവും, എന്നായിരുന്നു ശ്രീശാന്തിന്‍റെ ട്വീറ്റ്.

ഐപിഎല്ലിന്‍റെ ആദ്യ സീസണില്‍ മുംബൈ ഇന്ത്യന്‍സ് നായകന്‍ കൂടിയായിരുന്ന ഹര്‍ഭജന്‍ സിംഗും കിംഗ്സ് ഇലവന്‍ പഞ്ചാബ് താരമായിരുന്ന ശ്രീശാന്തും തമ്മിലുള്ള വാക് പോരും തുടര്‍ന്ന് മത്സരശേഷം ഹസ്തദാനം ചെയ്യുമ്പോള്‍ ഹര്‍ഭജന്‍ ശ്രീശാന്തിന്‍റെ കരണത്തടിച്ചതും വലിയ വിവാദമായിരുന്നു. മത്സരത്തിനിടെ ശ്രീശാന്ത് പറഞ്ഞ വാക്കുകളാണ് ഹര്‍ഭജനെ പ്രകോപിപ്പിച്ചത്. കരഞ്ഞുകൊണ്ട് കവിളില്‍ തടവി നില്‍ക്കുന്ന ശ്രീശാന്തിന്‍റെ ദൃശ്യവും സഹതാരങ്ങള്‍ ശ്രീശാന്തിനെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നതും ആരാധകര്‍ ഇപ്പോഴും മറന്നിട്ടില്ല.
ശ്രീശാന്തിന്‍റെ കവിളത്തടിച്ചുവെന്ന് വ്യക്തമായതിനെത്തുടര്‍ന്ന് ഹര്‍ഭജനെ ആ സീസണിലെ തുടര്‍ന്നുള്ള മത്സരങ്ങളില്‍ നിന്ന് വിലക്കിയിരുന്നു. ഷോണ്‍ പൊള്ളോക്കാണ് ആ സീസണില്‍ പിന്നീട് മുംബൈയെ നയിച്ചത്. എന്നാല്‍ പിന്നീട് ഇരുവരും അടുത്ത സുഹൃത്തുക്കളായി. 2011ലെ ഏകദിന ലോകകപ്പ് കിരീടം നേടിയ ടീമിലും ഇരുവരും ഒരുമിച്ച് കളിച്ചു.
ട്വിറ്ററിലൂടെയാണ് ഐപിഎൽ ഉൾപ്പടെ ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കുകയാണെന്ന് ഹർഭജൻ സിംഗ് ഇന്ന് പ്രഖ്യാപിച്ചത്. 1998ൽ പതിനേഴാം വയസില്‍ ഇന്ത്യക്കായി അരങ്ങേറിയ ഹര്‍ഭജന്‍ 101 ടെസ്റ്റിൽ നിന്ന് 417 വിക്കറ്റും 236 ഏകദിനത്തിൽ നിന്ന് 269 വിക്കറ്റും 28 ട്വന്‍റി 20യിൽ നിന്ന് 25 വിക്കറ്റും 163 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 150 വിക്കറ്റും നേടിയിട്ടുണ്ട്.
2007 ട്വന്‍റി 20 ലോകകപ്പും 2011 ഏകദിന ലോകകപ്പും നേടിയ ഇന്ത്യൻ ടീമിലെ അംഗമായിരുന്നു. ടെസ്റ്റിൽ ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യൻ ബൗളറായ ഹർഭജൻ 2016 മാർച്ചിലാണ് ഇന്ത്യൻ ടീമിൽ അവസാനമായി കളിച്ചത്. പിന്നീട് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നില്ലെങ്കിലും ഹര്‍ഭജനെ ഇന്ത്യന്‍ ടീമിലേക്ക് സെലക്ടര്‍മാര്‍ പരിഗണിച്ചിരുന്നില്ല. ഐപിഎല്ലില്‍ കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരമായിരുന്നെങ്കിലും ഹര്‍ഭജന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല.
