16 വര്‍ഷത്തിനിടെ ആദ്യം, ശ്രീലങ്ക-ന്യൂസിലന്‍ഡ് ടെസ്റ്റ് മത്സരം 6 ദിവസം നീളും, കാരണം അറിയാം
ടെസ്റ്റ് ചരിത്രത്തില്‍ അവസാനമായി ആറ് ദിവസം നീളുന്ന ഒരു ടെസ്റ്റ് നടന്നത് 2008ല്‍ ബംഗ്ലാദേശും ശ്രീലങ്കയും തമ്മില്‍ നടന്ന മത്സരമായിരുന്നു.
കൊളംബോ: അടുത്ത മാസം നടക്കുന്ന ശ്രീലങ്ക-ന്യൂസിലന്‍ഡ് ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരം ആറ് ദിവസം നീളും.18ന് ഗോള്‍ സ്റ്റേഡിയത്തില്‍ ആരംഭിക്കുന്ന ആദ്യ ടെസ്റ്റാണ് ആറ് ദിവസം നീളുക. ആദ്യ ടെസ്റ്റിനിടെ ശ്രീലങ്കയില്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടക്കുന്ന 21ന് ഇരു ടീമുകള്‍ക്കും വിശ്രമദിനം ആയിരിക്കും. ഇതോടെ 18ന് തുടങ്ങുന്ന ടെസ്റ്റ് 23നെ അവസാനിക്കു.
ടെസ്റ്റ് ചരിത്രത്തില്‍ അവസാനമായി ആറ് ദിവസം നീളുന്ന ഒരു ടെസ്റ്റ് നടന്നത് 2008ല്‍ ബംഗ്ലാദേശും ശ്രീലങ്കയും തമ്മില്‍ നടന്ന മത്സരമായിരുന്നു. അന്ന് ബംഗ്ലാദേശിലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പായിരുന്നു ഇടയ്ക്കുള്ള വിശ്രമ ദിനത്തിന് കാരണമായത്. 2001ല്‍ ശ്രീലങ്കയും സിംബാബ്‌വെയും തമ്മിലുള്ള ടെസ്റ്റും ആറ് ദിവസം നീണ്ട ടെസ്റ്റ് മത്സരമായിട്ടുണ്ട്. അന്ന് ശ്രീലങ്കക്കാര്‍ പരമ്പരാഗതമായി പൂര്‍ണചന്ദ്രനെ ദൃശ്യമാകുന്ന 'പോയ ദിവസം' ആയി ആഘോഷിക്കുന്നതിനാലാണ് ടെസ്റ്റ് മത്സരത്തിനിടെ വിശ്രമം നല്‍കേണ്ടിവന്നത്. ടെസ്റ്റ് മത്സരങ്ങള്‍ക്കിടെ വിശ്രമ ദിവസം എന്നത് മുമ്പ് ഇംഗ്ലണ്ടില്‍ നടക്കുന്ന ടെസ്റ്റുകളിലെ പതിവായിരുന്നു. എന്നാല്‍ സമീപകാലത്ത് ഇത്തരമൊരു രീതിയില്ല.
A rest day during the first #SLvNZ match 👀
— ICC (@ICC) August 23, 2024
Sri Lanka have confirmed the dates for hosting New Zealand for the #WTC25 Tests 👇https://t.co/l2IimGLqSy
രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിലാണ് ശ്രീലങ്കയും ന്യൂസിലന്‍ഡും തമ്മില്‍ കളിക്കുക. ഇരു ടീമുകളും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്തുന്നുണ്ട്. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്‍റ് ടേബിളില്‍ ഇന്ത്യ ഒന്നാമതും ഓസ്ട്രേലിയ രണ്ടാമതുമുള്ളപ്പോള്‍ ശ്രീലങ്കയും ന്യൂസിലന്‍ഡും മൂന്നും നാലും സ്ഥാനങ്ങളിലാണ്. ഗോളിലാണ് രണ്ട് ടെസ്റ്റുകളും നടക്കുന്നത്. രണ്ടാം ടെസ്റ്റ് സെപ്റ്റംബര്‍ 26 മുതല്‍ 30വരെ നടക്കും. ശ്രീലങ്കക്കെതിരായ പരമ്പരക്ക് മുമ്പ് ന്യൂസിലന്‍ഡ് ഇന്ത്യയില്‍ അഫ്ഗാനിസ്ഥാനെതിരെ ഒരു ടെസ്റ്റിലും കളിക്കും. ശ്രീലങ്കക്കെതിരായ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരക്ക് ശേഷം ഇന്ത്യക്കെതിരായ മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പരക്കായി ന്യൂസിലന്‍ഡ് ഇന്ത്യയിലെത്തും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക