കൊളംബോ: മെയ് അവസാനം ഇംഗ്ലണ്ടിലും വെയില്‍സിലുമായി ആരംഭിക്കുന്ന ഏകദിന ലോകകപ്പിനുള്ള 15 അംഗ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ദിമുത് കരുണരത്നെ നായകനാവുന്ന ടീമില്‍ മുന്‍ നായകരായ ലസിത് മലിംഗയും എയ്ഞ്ചലോ മാത്യൂസും ഇടം നേടിയപ്പോള്‍ മറ്റൊരു മുന്‍ നായകന്‍ ദിനേശ് ചണ്ഡിമല്‍ പുറത്തായി.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍വരെ ലങ്കയുടെ ഏകദിന ടീം നായകനായിരുന്ന ചണ്ഡിമലിനെ തഴഞ്ഞതാണ് ലങ്കന്‍ ആരാധകരെ ഞെട്ടിച്ചത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ നിരോഷന്‍ ഡിക്‌വെല്ല, ഓഫ് സ്പിന്നര്‍ അഖില ധനഞ്ജയ എന്നിവരും 15 അംഗ ടീമില്‍ ഇടം നേടിയല്ല. ഓപ്പണര്‍മാരായ ധനുഷ്ക ഗുണതിലകയും ഉപുല്‍ തരംഗയുമാണ് ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ട മറ്റു രണ്ടുപേര്‍. അതേസമയം ദക്ഷിണാഫ്രിക്കക്കെതിരെ നിറം മങ്ങിയെങ്കിലും അവിഷ്ക ഫെര്‍ണാണ്ടോ ടീമില്‍ സ്ഥാനം നിലനിര്‍ത്തി.

ലോകകപ്പിനുള്ള ശ്രീലങ്കയുടെ 15 അംഗ ടീം: ദിമുത് കരുണരത്നെ(ക്യാപ്റ്റന്‍), അവിഷ്ക ഫെര്‍ണാണ്ടോ, ലഹിരു തിരിമന്നെ, കുശാല്‍ പെരേര, കുശാല്‍ മെന്‍ഡിസ്, എയ്ഞ്ചലോ മാത്യൂസ്, ധനഞ്ജയ ഡിസില്‍വ, ജെഫ്രി വാന്‍ഡെര്‍സെ, തിസാര പേരേര, ഇസുരു ഉദാന, ലസിത് മലിംഗ, സുരംഗ ലക്‌മല്‍, നുവാന്‍ പ്രദീപ്, ജീവന്‍ മെന്‍ഡിസ്, മിലിന്ദ് സിരിവര്‍ധനെ.

ഒഷാഡ ഫെര്‍ണാണ്ടോ, കസുന്‍ രജിത, വാനിന്ദു ഹസരംഗ, എയ്ഞ്ചലോ പേരെര എന്നിവരെ റിസര്‍വ് താരങ്ങളായും പ്രഖ്യാപിച്ചിട്ടുണ്ട്.