കൊളംബം: ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പര തൂത്തുവാരി ശ്രീലങ്ക. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ 122 റണ്‍സിനാണ് ലങ്ക ബംഗ്ലാദേശിനെ തകര്‍ത്തത്. ശ്രീലങ്ക ഉയര്‍ത്തിയ 295 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് 36 ഓവറില്‍ 172 റണ്‍സിന് ഓള്‍ ഔട്ടായി. സ്കോര്‍ ശ്രീലങ്ക 50 ഓവറില്‍ 294/8, ബംഗ്ലാദേശ് 36 ഓവറില്‍ 172 ഓള്‍ ഔട്ട്.

കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിന് ഒരിക്കല്‍പോലും മത്സരത്തില്‍ പ്രതീക്ഷ ഉയര്‍ത്താനായില്ല. 69 റണ്‍സെടുത്ത സൗമ്യ സര്‍ക്കാര്‍ മാത്രമാണ് ബംഗ്ലാദേശിനായി പൊരുതിയത്. 39 റണ്‍സെടുത്ത് പുറത്താകാതെ നിന്ന വാലറ്റക്കാരന്‍ തൈജപള്‍ ഇസ്ലാമിന്റെ പോരാട്ടമാണ് ബംഗ്ലാദേശിന്റെ തോല്‍വിഭാരം കുറച്ചത്. തമീം ഇഖ്ബാല്‍(2), മുഷ്ഫീഖുര്‍ റഹീം(10), സാബിര്‍ റഹ്മാന്‍(7), മ1ഹമ്മത് മിഥുന്‍(4) എന്നിവര്‍ നിരാശപ്പെടുത്തി. ലങ്കക്കായി ദസുന്‍ സനക മൂന്ന് വിക്കറ്റെടുത്തപ്പോള്‍ കാസുന്‍ രജിതയും ലഹിരു കുമാരയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ലങ്കക്കായി കരുണരത്നെ(46), കുശാല്‍ പെരേര(42), കുശാല്‍ മെന്‍ഡിസ്(54), എയ്ഞ്ചലോ മാത്യൂസ്(87), സനക(30) എന്നിവര്‍ ബാറ്റിംഗില്‍ തിളങ്ങി. ആദ്യ ഏകദിനത്തില്‍ 91 റണ്‍സിന് ജയിച്ച ലങ്ക രണ്ടാം ഏകദിനം ഏഴ് വിക്കറ്റിന് ജയിച്ചിരുന്നു.