കൊളംബൊ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ ശ്രീലങ്കയ്ക്ക് ജയം. ഒരു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയമാണ് ശ്രീലങ്ക സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ വിന്‍ഡീസ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 289 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ശ്രീലങ്ക 49.1 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഇതോടെ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയില്‍ ശ്രീലങ്ക മുന്നിലെത്തി.

അവിഷ്‌ക ഫെര്‍ണാണ്ടോ (50), ദിമുത് കരുണാരത്‌നെ (52), കുശാല്‍ പെരേര (42), തിസാര പെരേര (32), വാനിഡു ഹസരങ്ക (പുറത്താവാതെ 42) എന്നിവരുടെ ഇന്നിങ്‌സാണ് ശ്രീലങ്കയ്ക്ക് ജയം സമ്മാനിച്ചത്. കുശാല്‍ മെന്‍ഡിസ് (20), എയ്ഞ്ചലോ മാത്യൂസ് (5), ധനഞ്ജയ ഡി സില്‍വ (18), ഇസുരു ഒഡാന (0), ലക്ഷന്‍ സന്ധാകന്‍ (3) എന്നിവരുടെ വിക്കറ്റുകളാണ് ശ്രീലങ്കയ്ക്ക് നഷ്ടമായത്. ഹസരങ്കയ്‌ക്കൊപ്പം നുവാന്‍ പ്രദീപ് (0) പുറത്താവാതെ നിന്നു.

നേരത്തെ ഷായ് ഹോപ്പിന്റെ (140 പന്തില്‍ 115) സെഞ്ചുറിയാണ് വെസ്റ്റ് ഇന്‍ഡീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഡാരന്‍ ബ്രാവോ (39), റോസ്റ്റണ്‍ ചേസ് (41), കീമോ പോള്‍ (32) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. സുനില്‍ ആംബ്രിസ് (3), നിക്കോളാസ് പൂരന്‍ (11), കീറണ്‍ പൊള്ളാര്‍ഡ് (9), ജേസണ്‍ ഹോള്‍ഡര്‍ (12) എന്നിവര്‍ നിരാശപ്പെടുത്തി. ഹെയ്ഡന്‍ വാല്‍ഷ് (20) കീമോ പോളിനൊപ്പം പുറത്താവാതെ നിന്നു.