കറാച്ചി: ശ്രീലങ്കയ്‌ക്കെതിരെ രണ്ടാം ടെസ്റ്റില്‍ പാകിസ്ഥാന്‍ വിജയത്തിലേക്ക്. രണ്ടാം ഇന്നിങ്‌സില്‍ 476 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക നാലാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ഏഴിന് 212 എന്ന നിലയിലാണ്. ഒരു ദിനം ശേഷിക്കെ ടെസ്റ്റ് വിജയിക്കണമെങ്കില്‍ സന്ദര്‍ശകര്‍ക്ക് ഇനിയും 264 റണ്‍സ് കൂടി വേണം. 102 റണ്‍സ് നേടി പുറത്താവാതെ നില്‍ക്കുന്ന ഒഷാഡ ഫെര്‍ണാണ്ടോ മാത്രമാണ് ഇനിയുള്ള ഔദ്യോഗിക ബാറ്റ്‌സ്മാന്‍. 

ഫെര്‍ണാണ്ടോയ്ക്ക് പുറമെ 65 റണ്‍സെടുത്ത നിരോഷന്‍ ഡിക്ക്‌വെല്ലയ്ക്ക് മാത്രമാണ് അല്‍പമെങ്കിലും ചെറുത്തുനില്‍ക്കാന്‍ സാധിച്ചത്. പാകിസ്ഥാന് വേണ്ടി നസീം ഷായും ഷഹീന്‍ അഫ്രീദിയും മൂന്ന് വിക്കറ്റ് വീഴ്ത്തി. യാസിര്‍ ഷ, മുഹമ്മദ് അബ്ബാസ് എന്നിവര്‍ക്ക് രണ്ട് വിക്കറ്റുണ്ട്. ഫെര്‍ണാണ്ടോയുടെ കന്നി സെഞ്ചുറിയാണിത്. 13 ബൗണ്ടറി ഉള്‍പ്പെടുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്.

നേരത്തെ, ഷാന്‍ മസൂദ് (135), ആബിദ് അലി (174), അസര്‍ അലി (118), ബാബര്‍ അസം (പുറത്താവാതെ 100) എന്നിവരുടെ സെഞ്ചുറികളാണ് രണ്ടാം ഇന്നിങ്‌സില്‍ പാകിസ്ഥാന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ആദ്യ ഇന്നിങ്‌സില്‍ പാകിസ്ഥാനെ 191ന് പുറത്താക്കിയ ശ്രീലങ്ക ഒന്നാം ഇന്നിങ്‌സില്‍ 80 റണ്‍സിന്റെ ലീഡ് നേടിയിരുന്നു. 271 റണ്‍സാണ് സന്ദര്‍ശകരായ ലങ്ക ഒന്നാം ഇന്നിങ്‌സില്‍ നേടിയത്.