കൊളംബോ: ന്യൂസിലന്‍ഡിനെതിരെ ആദ്യ ടി20യില്‍ പരാജയപ്പെട്ടതിന് പിന്നാലെ ശ്രീലങ്കയ്‌ക്ക് മറ്റൊരു തിരിച്ചടി. മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന് ടീമിലെ 11 താരങ്ങള്‍ക്കും മാച്ച് ഫീയുടെ 40 ശതമാനം പിഴ മാച്ച് റഫറി ചുമത്തി. ഷെഡ്യൂള്‍ ചെയ്തതിനും രണ്ട് ഓവര്‍ വൈകി പന്തെറിഞ്ഞതിനാണ് നടപടി. 

കുറ്റം സമ്മതിച്ച ലങ്കന്‍ നായകന്‍ ലസിത് മലിംഗ ശിക്ഷാനടപടി ഏറ്റുവാങ്ങിയിട്ടുണ്ട്. ഓരോ ഓവര്‍ കുറയുന്നതിനും ടീമിലെ എല്ലാ താരങ്ങള്‍ക്കും 20 ശതമാനം വീതം പിഴ ചുമത്തുമെന്നാണ് ഐസിസി ചട്ടം.

മൂന്ന് ടി20കളുടെ പരമ്പരയിലെ ആദ്യ മത്സരം അഞ്ച് വിക്കറ്റിന് ലങ്ക തോറ്റിരുന്നു. ശ്രീലങ്ക ഉയര്‍ത്തിയ 175 റണ്‍സിന്റെ വിജയലക്ഷ്യം കിവീസ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. തുടക്കത്തിലെ തകര്‍ച്ചക്കുശേഷം കോളിന്‍ ഡി ഗ്രാന്‍ഡ്ഹോമിന്റെയും(28 പന്തില്‍ 44), റോസ് ടെയ്‌ലറുടെയും(29 പന്തില്‍ 48) ഇന്നിംഗ്സുകളാണ് കിവീസിന് അനായാസ ജയമൊരുക്കിയത്. രണ്ടാം ടി20 ചൊവ്വാഴ്‌ച നടക്കും.