ഓഗസ്റ്റ് 23-ന് നടക്കുന്ന രണ്ടാം ടെസ്റ്റിലെങ്കിലും സുന്ദറിന് കളിക്കാനാകുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. അതേസമയം, ഹർഷിത് റാണയും ഹാംസ്ട്രിംഗ് പരുക്കിന്‍റെ പിടിയിലാണ്.

മുംബൈ: ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കാനിരിക്കെ പ്രമുഖ താരങ്ങളുടെ പരുക്ക് ടീം മാനേജ്മെന്‍റിന് തലവേദനയാകുന്നു. ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിലെ ഫിറ്റ്നസ് റിപ്പോർട്ടുകൾ ലഭിച്ച ശേഷമേ സെലക്ഷൻ കമ്മിറ്റി ടീമിനെ അന്തിമമായി പ്രഖ്യാപിക്കൂ. ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദറിന്റെ കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുമ്പോൾ പേസർ ഹർഷിത് റാണയും ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിയും പരമ്പരയിൽ നിന്ന് പുറത്താകുമെന്നാണ് സൂചനകൾ. ശ്രീലങ്കയിലെ സ്പിന്നിനെ തുണയ്ക്കുന്ന പിച്ചുകളിൽ മുൻനിരയിൽ ബാറ്റ് ചെയ്യാനും എറിയാനും ശേഷിയുള്ള വാഷിംഗ്ടൺ സുന്ദറിന്‍റെ സാന്നിധ്യം ഇന്ത്യയ്ക്ക് ഏറെ നിർണായകമായിരുന്നു. എന്നാൽ ഹാംസ്ട്രിംഗ് പരുക്കിനെ തുടർന്ന് സുന്ദർ ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ല.

ഓഗസ്റ്റ് 23-ന് നടക്കുന്ന രണ്ടാം ടെസ്റ്റിലെങ്കിലും സുന്ദറിന് കളിക്കാനാകുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. അതേസമയം, ഹർഷിത് റാണയും ഹാംസ്ട്രിംഗ് പരുക്കിന്‍റെ പിടിയിലാണ്. നിതീഷ് കുമാർ റെഡ്ഡിയെ നിലവിൽ പരിഗണിക്കേണ്ടതില്ലെന്നും അടുത്ത മാസങ്ങളിൽ നടക്കുന്ന ലിമിറ്റഡ് ഓവർ മത്സരങ്ങളിലൂടെ തിരികെയെത്തിച്ചാൽ മതിയെന്നുമാണ് സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനം.

ഇംഗ്ലണ്ടിനെതിരായ മത്സരത്തിനിടെ ഇടതുകാലിന് പരുക്കേറ്റ മുൻനിര പേസർ ജസ്പ്രീത് ബുംറ ശ്രീലങ്കൻ പരമ്പരയിലൂടെ ടീമിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായതിനാൽ ബുംറയെ ടെസ്റ്റ് സംഘത്തിൽ ഉൾപ്പെടുത്താനാണ് സാധ്യത കൂടുതൽ. അഫ്ഗാനിസ്ഥാനെതിരായ മുൻ ടെസ്റ്റ് മത്സരത്തിൽ വിശ്രമത്തിലായിരുന്ന ഓൾറൗണ്ടർ രവീന്ദ്ര ജഡേജയും ടീമിലേക്ക് മടങ്ങിയെത്തും. ഹാർദിക് പാണ്ഡ്യ, വരുൺ ചക്രവർത്തി എന്നിവർ നിലവിൽ റെഡ്-ബോൾ ക്രിക്കറ്റിന്‍റെ ഭാഗമല്ലാത്തതിനാൽ ടെസ്റ്റ് ടീം പരിഗണനയിലില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക