Asianet News MalayalamAsianet News Malayalam

ഇന്ത്യക്കെതിരായ ഏകദിന-ടി20 പരമ്പര; സസ്പെൻഷനിലുള്ള കളിക്കാരെ പരി​ഗണിക്കില്ലെന്ന് ശ്രീലങ്ക

സസ്പെൻഷനിലുള്ള മൂന്നു പേർക്കുമെതിരെ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കൊവിഡ് പ്രോട്ടോക്കോൾ ലംഘനം തെളിഞ്ഞാൽ മൂന്ന് കളിക്കാരെയും കുറഞ്ഞത് ഒരുവർഷത്തേക്ക് വിലക്കുമെന്നും ലങ്കൻ ക്രിക്കറ്റ് ബോർഡ് ഉദ്യോ​ഗസ്ഥൻ പറഞ്ഞു.

Sri Lanka to drop Kusal Mendis, Gunathilaka and Dickwella for India Series
Author
Colombo, First Published Jun 30, 2021, 6:11 PM IST

കൊളംബോ: ഇന്ത്യക്കെതിരായ ഏകദിന-ടി20 പരമ്പരക്കുള്ള ടീമിലേക്ക് ഇം​ഗ്ലണ്ട് പര്യടനത്തിനിടെ കൊവിഡ് പ്രോട്ടോക്കോളിന്റെ ഭാ​ഗമായുള്ള ബയോ സെക്യുർ ബബ്ബിൾ ലംഘിച്ചതിന്റെ പേരിൽ സസ്പെൻഷനിലായ കുശാൽ മെൻഡിസ്, നിരോഷൻ ഡിക്വെല്ല, ധനുഷ്ക​ ​ഗുണതിലക എന്നിവരെ പരി​ഗണിക്കില്ലെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി. ഇം​ഗ്ലണ്ടിൽ നിന്ന് തിരിച്ചെത്തിയ മൂന്നുപേരും 14 ദിവസത്തെ ഐസൊലേഷനിൽ കഴിയുകയാണിപ്പോൾ.

സസ്പെൻഷനിലുള്ള മൂന്നു പേർക്കുമെതിരെ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കൊവിഡ് പ്രോട്ടോക്കോൾ ലംഘനം തെളിഞ്ഞാൽ മൂന്ന് കളിക്കാരെയും കുറഞ്ഞത് ഒരുവർഷത്തേക്ക് വിലക്കുമെന്നും ലങ്കൻ ക്രിക്കറ്റ് ബോർഡ് ഉദ്യോ​ഗസ്ഥൻ പറഞ്ഞു. മെൻഡിസും ഡിക്വെല്ലയും ഡർ‌ഹാമിലെ തെരുവിലൂടെ പുകവലിച്ചു നടക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മറ്റൊരു വീഡിയോയിൽ ​ഗുണതിലകയെയും കാണാമായിരുന്നു.

ശ്രീലങ്കന്‍ ടീം വൈസ് ക്യാപ്റ്റകൂടിയാണ് കുശാൽ മെൻഡിസ്. ട20 പരമ്പരയിലെ സമ്പൂർണ തോൽവിക്ക് പിന്നാലെയാണ് ഏകദിന പരമ്പര തുടങ്ങുന്നതിന് തലേന്നാൾ ടീമിന്റെ ബയോ സെക്യുർ ബബ്ബിളിൽ നിന്ന് പുറത്തുകടന്ന് കുശാൽ മെൻഡിസും നിരോഷൻ ഡിക്‌വെല്ലയെയും ​ഗുണതിലകയും ഡർഹാമിലെ മാർക്കറ്റിലൂടെ കറങ്ങി നടന്നത്.

കൊവിഡ് നിയന്ത്രണങ്ങൾ കർശനമല്ലാത്ത കാർഡിഫിലാണ് ഇം​ഗ്ലണ്ട്-ശ്രീലങ്ക ടി20 പരമ്പര നടന്നത്. ഇവിടെ ലങ്കൻ താരങ്ങൾക്ക് പുറത്തുപോവാൻ അനുവാദമുണ്ടായിരുന്നു. എന്നാൽ ഡർഹാമിൽ കൊവിഡ് രോ​ഗബാധിതരുടെ എണ്ണം കൂടുതലായതിനാൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്. ഇത് ലംഘിച്ചാണ് മൂന്ന് താരങ്ങളും ടീം ഹോട്ടലിൽ നിന്ന് പുറത്തുപോയത്.

ടി20 പരമ്പര 3-0ന് അടിയറവെച്ച ലങ്കൻ ടീമിന് മറ്റൊരു നാണക്കേടായി കളിക്കാരുടെ പെരുമാറ്റം. ടി20 പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും കളിച്ച മെന്‍ഡിസ് 9, 39, 6  എന്നിങ്ങനെയാണ് സ്കോര്‍ ചെയ്തത്. ഡിക്‌വെല്ലയാകട്ടെ രണ്ട് മത്സരങ്ങളില്‍ 3, 11 റണ്‍സാണെടുത്തത്. അടുത്ത മാസം 13 മുതലാണ് ഇന്ത്യക്കെതിരായ ഏകദിന, ടി20 പരമ്പര തുടങ്ങുന്നത്. മൂന്ന് വിതം ഏകദിനവും ടി20യുമാണ് പരമ്പരയിലുള്ളത്.

Follow Us:
Download App:
  • android
  • ios