കൊളംബോ: ശ്രീലങ്ക-ന്യൂസിലന്‍ഡ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ മഴക്കളി തുടരുന്നു. രണ്ടാം ദിനവും മഴ ഇറങ്ങിക്കളിച്ചപ്പോള്‍ 30 ഓവര്‍ മാത്രമാണ് കളി നടന്നത്. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ശ്രീലങ്ക രണ്ടാം ദിനം മഴ മൂലം കളി അവസാനിച്ചപ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെന്ന നിലയിലാണ്. 65 റണ്‍സെടുത്ത ദിമുത് കരുണരത്നെയാണ് ലങ്കയുടെ ടോപ് സ്കോറര്‍. 32 റണ്‍സുമായി ധനഞ്ജയ ഡിസില്‍വയും അഞ്ച് റണ്ണോടെ ദില്‍റുവാന്‍ പെരേരയുമാണ് ക്രീസില്‍.

രണ്ടാം ദിനം രണ്ട് റണ്ണെടുത്ത എയ്ഞ്ചലോ മാത്യൂസിനെ മടക്കി ട്രെന്റ് ബോള്‍ട്ടാണ് ലങ്കക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചത്. തൊട്ടുപിന്നാലെ കുശാല്‍ പെരേരയെയും വീഴ്ത്തി ബോള്‍ട്ട് ഇരട്ടപ്രഹരമേല്‍പ്പിച്ചതോടെ ലങ്ക 93/4 ലേക്ക് കൂപ്പുകുത്തി.

എന്നാല്‍ ധനഞ്ജയ ഡിസില്‍വയെ കൂട്ടുപിടിച്ച് കരുണരത്നെ ലങ്കയെ സുരക്ഷിത തീരത്തേക്ക് നയിക്കുമെനന് കരുതിയെങ്കിലും കരുണരത്നെയും(65), നിരോഷന്‍ ഡിക്‌വെല്ലയെയും(0) സൗത്തി ലങ്കയുടെ നടുവൊടിച്ചു. പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ശ്രീലങ്ക ജയിച്ചിരുന്നു. രണ്ട് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.