കൊളംബോ: ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനം ഏഴ് വിക്കറ്റിന് ജയിച്ച് ശ്രീലങ്കയ്‌ക്ക് പരമ്പര. ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ 239 റണ്‍സ് വിജയലക്ഷ്യം 44.4 ഓവറില്‍ ലങ്ക നേടി. സ്‌കോര്‍: ബംഗ്ലാദേശ്- 238-8 (50). ശ്രീലങ്ക- 242-3 (44.4). മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം ലങ്ക 91 റണ്‍സിന് വിജയിച്ചിരുന്നു. 

മറുപടി ബാറ്റിംഗില്‍ ഓപ്പണര്‍ അവിഷ്‌ക ഫെര്‍ണാണ്ടോയുടെ അര്‍ദ്ധ സെഞ്ചുറിയാണ്(82 റണ്‍സ്) ലങ്കയ്‌ക്ക് ജയം സമ്മാനിച്ചത്. ആദ്യ വിക്കറ്റില്‍ അവിഷ്‌കയും നായകന്‍ ദിമുത് കരുണരത്‌നെയും ചേര്‍ന്ന് നേടിയ 71 റണ്‍സ് മികച്ച അടിത്തറയായി. കരുണരത്‌നെ(15), കുശാല്‍ പെരേര(30), കുശാല്‍ മെന്‍ഡിസ്(41*), എയ്‌ഞ്ചലോ മാത്യൂസ്(52*) എന്നിങ്ങനെയാണ് ലങ്കന്‍ താരങ്ങളുടെ സ്‌കോര്‍. മുസ്താഫിസുര്‍ രണ്ടും മെഹിദി ഒന്നും വിക്കറ്റ് നേടി.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 50 ഓവറില്‍ എട്ട് വിക്കറ്റിനാണ് 238 റണ്‍സെടുത്തത്. ഒരവസരത്തില്‍ 88 റണ്‍സില്‍ അഞ്ച് വിക്കറ്റ് നഷ്ടമായ ബംഗ്ലാ കടുവകളെ പ്രതിരോധിക്കാനാവുന്ന സ്‌കോറിലേക്ക് കൈപിടിച്ചുയര്‍ത്തിയത് റഹീമിന്‍റെ തകര്‍പ്പന്‍ അര്‍‍ദ്ധ സെഞ്ചുറിയാണ്. 110 പന്ത് നേരിട്ട താരം ആറ് ഫോറും ഒരു സിക്‌സും സഹിതം 98 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 

രണ്ട് വിക്കറ്റ് വീതം വീ‌ഴ്‌ത്തിയ നുവാന്‍ പ്രദീപും ഇസുരു ഉഡാനയും അഖില ധനഞ്ജയുമാണ് ബംഗ്ലാദേശിനെ വിറപ്പിച്ചത്. തമീം ഇഖ്‌ബാല്‍(19), സൗമ്യ സര്‍ക്കാര്‍(11), മുഹമ്മദ് മിഥുന്‍(12), മഹമ്മുദുള്ള(6) സാബിര്‍ റഹ്‌മാന്‍(11), മൊസദേക് ഹൊസൈന്‍(13), മെഹിദി ഹസന്‍(43), തൈജുല്‍ ഇസ്ലാം(3) എന്നിവരാണ് പുറത്തായത്. പരമ്പരയിലെ അവസാന ഏകദിനം കൊളംബോയില്‍ ബുധനാഴ്‌ച നടക്കും.