പുനെ: ശ്രീലങ്കയ്‌ക്കെതിരെ അവസാന ടി20യില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ശ്രീലങ്കന്‍ നായകന്‍ ലസിത് മലിംഗ ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. മലയാളി താരം സഞ്ജു സാംസണെ ടീമില്‍ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങുന്നത്. മൂന്ന് മാറ്റങ്ങളാണ് ഇന്ത്യ വരുത്തിയത്. ഋഷബ് പന്തിന് പകരം സഞ്ജു ടീമിലെത്തി. കുല്‍ദീപിന് പകരം യൂസ്‌വേന്ദ്ര ചാഹലും ശിവം ദുെബയ്ക്ക് പകരം മനീഷ് പാണ്ഡെയും ടീമിലെത്തി.  

ലങ്കന്‍ പേസര്‍ ഇസുരു ഉഡാന പരിക്ക് കാരണം ഇന്ന് കളിക്കുന്നില്ല. എന്നാല്‍ എയ്ഞ്ചലോ മാത്യൂസ്, ലക്ഷന്‍ സന്ധാകന്‍ എന്നിവര്‍ ടീമിലെത്തി. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ ഒരു മത്സരം ജയിച്ച് മുന്നിലാണ്. ഗുവാഹത്തിയിലെ ആദ്യ മത്സരം മഴ മുടക്കിയപ്പോള്‍ ഇന്‍ഡോറില്‍ നടന്ന രണ്ടാം മത്സത്തില്‍ ഇന്ത്യ ജയിക്കുകയായിരുന്നു. പുനെയില്‍ നടക്കുന്ന മത്സരത്തില്‍ ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. 

ടീം ഇന്ത്യ: ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍, വിരാട് കോലി (ക്യാപ്്റ്റന്‍), ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍, മനീഷ് പാണ്ഡെ, വാഷിംഗ്ടണ്‍ സുന്ദര്‍, ഷാര്‍ദുല്‍ ഠാകൂര്‍, യൂസ്‌വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുംറ, നവ്ദീപ് സൈനി.