കൊളംബോ: സുരക്ഷാ ഭീഷണി നിലനില്‍ക്കേ പാക്കിസ്ഥാന്‍ പര്യടനവുമായി മുന്നോട്ടുപോവാന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന് ആഭ്യന്തര മന്ത്രാലയത്തിന്‍റെ അനുമതി. പാക് പര്യടനത്തിന് പ്രതിരോധവകുപ്പിന്‍റെ പച്ചക്കൊടി ലഭിച്ചതായി ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് സെക്രട്ടറി മോഹന്‍ ഡിസില്‍വ വ്യക്തമാക്കി. ആറ് മത്സരങ്ങളാണ് ലങ്കയുടെ പാക് പര്യടനത്തിലുള്ളത്. പരമ്പരക്കായി  ലങ്കന്‍ ക്രിക്കറ്റ് ടീം ചൊവ്വാഴ്‌ച പാക്കിസ്ഥാനിലേക്ക് തിരിക്കും. 

ലങ്കയുടെ പര്യടനം നേരത്തെ നിശ്ചയിച്ചതുപ്രകാരം നടക്കും. ടീമിനെ താനും സ്റ്റാഫും അനുഗമിക്കും എന്നും അദേഹം വ്യക്തമാക്കി. ഭീകരാക്രമണ സാധ്യതകളുടെ പശ്ചാത്തലത്തില്‍ ലങ്കന്‍ ആഭ്യന്തര മന്ത്രാലയം സുരക്ഷ വിലയിരുത്തിയാണ് ടീമിന് പാക് സന്ദര്‍ശനത്തിന് അനുമതി നല്‍കിയത്.

സുരക്ഷാഭീതി കണക്കിലെടുത്ത് ശ്രീലങ്കയുടെ ടി20 ടീം നായകന്‍ ലസിത് മലിംഗ, ടെസ്റ്റ് ടീം നായകന്‍ കരുണരത്നെ, മുന്‍ നായകന്‍ എയ്ഞ്ചലോ മാത്യൂസ് എന്നിവരടക്കം പിന്‍മാറിയിരുന്നു. സീനിയര്‍ താരങ്ങള്‍ക്ക് പുറമെ നിരോഷന്‍ ഡിക്‌വെല്ല, കുശാല്‍ പേരേര, ധനഞ്ജയ ഡിസില്‍വ, തിസാര പേരേര, അഖില ധനഞ്ജയ, സുരംഗ ലക്‌മല്‍, ദിനേശ് ചണ്ഡിമല്‍ എന്നിവരാണ് പരമ്പരയില്‍ കളിക്കില്ലെന്ന് ബോര്‍ഡിനെ അറിയിച്ചത്. 

പാക്കിസ്ഥാനില്‍ പര്യടനത്തിനെത്തിയ ശ്രീലങ്കന്‍ ടീമിന്‍റെ ബസിനുനേരെ 2009 മാര്‍ച്ചില്‍ ഭീകരര്‍ ആക്രമണം നടത്തിയിരുന്നു. അന്ന് തലനാരിഴയ്‌ക്കാണ് താരങ്ങള്‍ രക്ഷപ്പെട്ടത്. ഇതിനുശേഷം കഴിഞ്ഞ 10 വര്‍ഷത്തിനിടെ പ്രമുഖ ടീമുകളൊന്നും പാക്കിസ്ഥാനില്‍ ക്രിക്കറ്റ് കളിക്കാന്‍ തയാറായിട്ടില്ല. പാക്കിസ്ഥാന്‍- ശ്രീലങ്ക പരമ്പരയ്‌ക്ക് മുന്‍പ് സുരക്ഷാ മുന്നൊരുക്കങ്ങള്‍ ഐസിസി വിലയിരുത്തും എന്ന് റിപ്പോര്‍ട്ടുകളുണ്ട്.