രക്ഷാ സേനകളെയെല്ലാം മറികടന്ന് ആയിരക്കണക്കിന് പ്രക്ഷോഭകരാണ് വസതി വളഞ്ഞത്. ഇതോടെ ഗോത്തബയ രജപക്‌സെ വസതി വിട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കൊളംബൊ: ശ്രീലങ്കന്‍ സര്‍ക്കാരിനെതിരായ പ്രക്ഷോഭങ്ങള്‍ക്ക് (Sri Lanka Protest) പിന്തുണ അറിയിച്ച് ഇതിഹാസ ക്രിക്കറ്റ് താരം സനത് ജയസൂര്യയും (Sanath Jayasuriya). തെരുവിലറങ്ങി പ്രക്ഷോഭത്തില്‍ പങ്കെടുത്താണ് ജയസൂര്യ പിന്തുണ അറിയിച്ചത്. ലങ്കന്‍ പ്രസിഡന്റ് ഗോത്തബയ രജപക്‌സെയുടെ (Gotabaya Rajapaksa) വസതി കയ്യടക്കിയപ്പോള്‍ അദ്ദേഹം തെരുവിലുണ്ടായിരുന്നു. പ്രക്ഷോഭത്തിന്റെ ഭാഗമാണെന്നും ജനത്തിനൊപ്പം നില്ക്കുന്നുവെന്നും ജയസൂര്യ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

പിന്നീട് പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അദ്ദേഹം രണ്ട് ട്വീറ്റുകള്‍ കുറിച്ചിട്ടു. ആദ്യ ട്വീറ്റില്‍ പറയുന്നതിങ്ങനെ.. ''എപ്പോഴും ശ്രീലങ്കയിലെ ജനങ്ങള്‍ക്കൊപ്പമാണ്. അധികം വൈകാതെ ഞങ്ങള്‍ വിജയം ആഘോഷിക്കും.'' ട്വീറ്റ് കാണാം....

Scroll to load tweet…

രണ്ടാമത്തെ ട്വീറ്റില്‍ പറയുന്നതിങ്ങനെ.. ''സമരം അവസാനിച്ചിരിക്കുന്നു. നിങ്ങളുടെ സിംഹാസനം വീണു. ജനശക്തി വിജയിച്ചു. ഇപ്പോള്‍ രാജിവെക്കാനുള്ള മാന്യതയെങ്കിലും കാണിക്കണം.'' അദ്ദേഹം കുറിച്ചിട്ടു.

Scroll to load tweet…

അതേസമയം, സുരക്ഷാ സേനകളെയെല്ലാം മറികടന്ന് ആയിരക്കണക്കിന് പ്രക്ഷോഭകരാണ് വസതി വളഞ്ഞത്. ഇതോടെ ഗോത്തബയ രജപക്‌സെ വസതി വിട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സൈനികരുടെ ബാരിക്കേഡുകള്‍ തകര്‍ത്ത് കൊളംബോയില്‍ ജനപ്രളയം മുന്നേറുകയാണ്. പ്രക്ഷോഭം ശക്തി പ്രാപിക്കവേ 33 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. രണ്ടുപേരുടെ നില ഗുരുതരമാണ്.

Scroll to load tweet…

കൂടുതല്‍ പ്രക്ഷോഭകാരികള്‍ ട്രെയിനില്‍ കൊളംബോയിലേക്ക് തിരിച്ചതായും വിവരമുണ്ട്. കാന്‍ഡി റെയില്‍വേ സ്റ്റേഷന്‍ സമരക്കാര്‍ പൂര്‍ണമായും പിടിച്ചെടുത്തു. ട്രെയിനുകളും പ്രതിഷേധക്കാര്‍ പിടിച്ചെടുത്തു. 

Scroll to load tweet…

ട്രെയിന്‍ നിര്‍ത്താന്‍ സൈന്യം ഉത്തരവിട്ടെങ്കിലും പ്രക്ഷോഭകാരികള്‍ നിരസിച്ചു. കരുതിയിരിക്കാന്‍ നാവിക സേനയ്ക്കും വ്യോമസേനയ്ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും യോഗം വിളിച്ചു.

Scroll to load tweet…