Asianet News MalayalamAsianet News Malayalam

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം, മൂന്ന് ശ്രീലങ്കന്‍ കളിക്കാര്‍ക്ക് സസ്പെന്‍ഷന്‍; നാട്ടിലേക്ക് തിരിച്ചയച്ചു

ഏകദിന പരമ്പരക്ക് മുന്നോടിയായി ടീമിന്റെ ബയോ സെക്യുർ ബബ്ബിളിൽ നിന്ന് പുറത്തുകടന്ന് കുശാൽ മെൻഡിസും നിരോഷൻ ഡിക്‌വെല്ലയെയും ലണ്ടനിലെ മാർക്കറ്റിലൂടെ കറങ്ങി നടക്കുന്ന ചിത്രങ്ങള്‍ സമൂമഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

Sri Lankan team members Kusal Mendis, Gunathilaka, Dickwella sent home after bio-bubble breach in UK
Author
London, First Published Jun 28, 2021, 7:53 PM IST

ഡർഹാം: കൊവിഡ് നിയന്ത്രണങ്ങളുടെ ഭാ​ഗമായി ഏർപ്പെടുത്തിയിട്ടുള്ള ബയോ സെക്യുർ ബബ്ബിൾ ലംഘിച്ചതിന് ഇം​ഗ്ലണ്ട് പര്യടനത്തിലുള്ള ശ്രീലങ്കൻ ക്രിക്കറ്റ് ടീമിലെ മൂന്ന് കളിക്കാരെ സസ്പെന്‍ഡ് ചെയ്തു. ഇവരെ ഉടന്‍ നാട്ടിലേക്ക് തിരിച്ചയക്കാനും ശ്രീലങ്കന്‍ ടീം മാനേജ്മെന്‍റ് തീരുമാനിച്ചു.  ശ്രീലങ്കന്‍ ടീം വൈസ് ക്യാപ്റ്റൻ കുശാൽ മെൻഡിസിനെയും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ നിരോഷൻ ഡിക്‌വെല്ലയെയും ധനുഷ്ക ഗുണതിലകയെയുമാണ് കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന്‍റെ പേരില്‍ സസ്പെന്‍ഡ് ചെയ്തത്.

ഏകദിന പരമ്പരക്ക് മുന്നോടിയായി ടീമിന്റെ ബയോ സെക്യുർ ബബ്ബിളിൽ നിന്ന് പുറത്തുകടന്ന് കുശാൽ മെൻഡിസും നിരോഷൻ ഡിക്‌വെല്ലയെയും ലണ്ടനിലെ മാർക്കറ്റിലൂടെ കറങ്ങി നടക്കുന്ന ചിത്രങ്ങള്‍ സമൂമഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഗുണതിലകയും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നെങ്കിലും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയയില്‍ ഗുണതിലകയില്ല.

ഇം​ഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ സമ്പൂർണ തോൽവിക്ക് പിന്നാലെ ഏകദിന പരമ്പരക്കായുളള തയാറെടുപ്പിലാണ് ലങ്കൻ ടീം. നാളെ ഡർഹാമിലാണ് ഏകദിന പരമ്പര തുടങ്ങുന്നത്. കാർഡിഫിലാണ് ടി20 പരമ്പര നടന്നത്. ഇവിടെ ലങ്കൻ താരങ്ങൾക്ക് പുറത്തുപോവാൻ അനുവാദമുണ്ടായിരുന്നു. എന്നാൽ ഡർഹാമിൽ കൊവിഡ് രോ​ഗബാധിതരുടെ എണ്ണം കൂടുതലായതിനാൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്.

 കളിക്കാർക്ക് ടീം ഹോട്ടൽ വിട്ട് പുറത്തുപോവാൻ അനുവാദമുണ്ടായിരുന്നില്ല. ടി20 പരമ്പര 3-0ന് അടിയറവെച്ച ലങ്കൻ ടീമിന് മറ്റൊരു നാണക്കേടായി കളിക്കാരുടെ പെരുമാറ്റം. ടി20 പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും കളിച്ച മെന്‍ഡിസ് 9, 39, 6  എന്നിങ്ങനെയാണ് സ്കോര്‍ ചെയ്തത്. ഡിക്‌വെല്ലയാകട്ടെ രണ്ട് മത്സരങ്ങളില്‍ 3, 11 റണ്‍സാണെടുത്തത്.

അതിനിടെ ടി20 പരമ്പരയിലെ ഐസിസി മാച്ച് റഫറിയായിരുന്ന ഫില്‍ വിറ്റികേസിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios