ഷാര്‍ദ്ദുലും ചാഹറും പുറത്തിരുന്ന മത്സരത്തില്‍ മുംബൈയുടെ യുവ ബൗളർമാർ കാഴ്ചവെച്ച അച്ചടക്കത്തെ ശ്രീകാന്ത് വാനോളം പുകഴ്ത്തി.

മുംബൈ: തുടർ തോൽവികൾക്ക് ശേഷം ഗുജറാത്ത് ടൈറ്റൻസിനെതിരെ മുംബൈ ഇന്ത്യൻസ് നേടിയ തകർപ്പൻ വിജയത്തിന് പിന്നാലെ, ടീമിലെ മുതിർന്ന താരങ്ങൾക്കെതിരെ പരിഹാസവുമായി മുൻ ഇന്ത്യൻ നായകനപം ചീഫ് സെലക്ടറുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത്. ടീമിലെ സീനിയർ പേസർമാരായ ഷാർദ്ദുൽ താക്കൂർ, ദീപക് ചാഹർ എന്നിവരെയാണ് തന്‍റെ യുട്യൂബ് ചാനലില്‍ ശ്രീകാന്ത് രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്.

സീനിയർ താരങ്ങളെ മാറ്റിനിർത്തി യുവതാരങ്ങൾക്ക് അവസരം നൽകിയ മുംബൈയുടെ തീരുമാനത്തെ ശ്രീകാന്ത് പ്രശംസിച്ചു. ഭാഗ്യം, മുംബൈയുടെ സീനിയര്‍ താരങ്ങളായ ഷാർദ്ദുലിനെയും ദീപക് ചാഹറിനെയും ഗ്രൗണ്ടിലിറക്കാതെ ഡ്രസ്സിംഗ് റൂമില്‍ തന്നെ ഇരുത്തിയതിന് ദൈവത്തിന് നന്ദി. നിങ്ങൾ രണ്ടുപേരും ആ ഇരിക്കുന്ന സീറ്റിൽ തന്നെ ഇരുന്നാൽ മതി, ഇനി അങ്ങോട്ട് പുറത്തിറങ്ങരുത്' എന്നാകും ഇപ്പോൾ മുംബൈ മാനേജ്‌മെന്‍റ് അവരോട് പറയുന്നുണ്ടാകുകയെന്നും ശ്രീകാന്ത് പറഞ്ഞു.

ഷാര്‍ദ്ദുലും ചാഹറും പുറത്തിരുന്ന മത്സരത്തില്‍ മുംബൈയുടെ യുവ ബൗളർമാർ കാഴ്ചവെച്ച അച്ചടക്കത്തെ ശ്രീകാന്ത് വാനോളം പുകഴ്ത്തി.ഈ സീസണിലെ ആദ്യ മത്സരം കളിക്കാനിറങ്ങിയ അശ്വനി 24 റൺസിന് 4 വിക്കറ്റുകൾ വീഴ്ത്തി ഗുജറാത്തിന്‍റെ നടുവൊടിച്ചു. കൃത്യമായ ലെങ്തിൽ പന്തെറിഞ്ഞ് റൺസ് വിട്ടുനൽകാൻ വിസമ്മതിച്ച കൃഷ് ഭഗതിന്‍റെ പ്രകടനം ടെസ്റ്റ് ക്രിക്കറ്റിലെ അച്ചടക്കമുള്ള ബൗളിംഗിന് തുല്യമാണെന്നും ശ്രീകാന്ത് നിരീക്ഷിച്ചു.

മധ്യഓവറുകളിൽ രണ്ട് നിർണ്ണായക വിക്കറ്റുകൾ വീഴ്ത്തി സാന്‍റ്നറും മുംബൈയുടെ വിജയം ഉറപ്പാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. നേരത്തെ, 45 പന്തിൽ 101 റൺസെടുത്ത തിലക് വർമ്മയുടെ മിന്നുന്ന സെഞ്ച്വറിയാണ് മുംബൈയെ 199 എന്ന കൂറ്റൻ സ്കോറിലെത്തിച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്തിന് ആദ്യ പന്തിൽ തന്നെ തിരിച്ചടിയേറ്റു. ജസ്പ്രീത് ബുംറ സായ് സുദർശനെ പുറത്താക്കിയതോടെ തുടങ്ങിയ തകർച്ച 100 റൺസിൽ അവസാനിച്ചു.

ഗുജറാത്തിന്‍റെ മധ്യനിരയുടെ ദൗർബല്യം ഒരിക്കൽ കൂടി തുറന്നുകാട്ടപ്പെട്ട മത്സരമായിരുന്നു ഇതെന്ന് ശ്രീകാന്ത് ചൂണ്ടിക്കാട്ടി. 99 റൺസിന്‍റെ ഈ കൂറ്റൻ ജയത്തോടെ പോയിന്‍റ് പട്ടികയിൽ ഏഴാം സ്ഥാനത്തേക്ക് മുന്നേറാനും മുംബൈക്കായി. യുവതാരങ്ങളുടെ കരുത്തിൽ മുംബൈ പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തുമോ എന്നാണ് ആരാധകര്‍ ഇപ്പോള്‍ ഉറ്റുനോക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക