കിവീസ് ടീമിന് സന്തോഷിക്കാന്‍ ഒരു കാരണം കൂടി. 2007 മുതല്‍ ലോകകപ്പില്‍ ആദ്യ സെഞ്ചുറി നേടുന്ന താരത്തിന്റെ ടീം കപ്പടിച്ച ചരിത്രമാണ് കിവീസിന് പ്രതീക്ഷ നല്‍കുന്നത്.
ഹൈദരാബാദ്: ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ ആദ്യ മത്സരത്തില്‍ ഒമ്പത് വിക്കറ്റിന്റെ കൂറ്റന്‍ വിജയം നേടിയ ന്യൂസിലന്‍ഡ് സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 282 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ന്യൂസിലന്‍ഡ് 36.2 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഡെവോണ്‍ കോണ്‍വെ (152), രചിന്‍ രവീന്ദ്ര (123) എന്നിവരുടെ സെ്ഞ്ചുറിയാണ് കിവീസിനെ കൂറ്റന്‍ വിജയത്തിലേക്ക് നയിച്ചത്.
കിവീസ് ടീമിന് സന്തോഷിക്കാന്‍ ഒരു കാരണം കൂടി. 2007 മുതല്‍ ലോകകപ്പില്‍ ആദ്യ സെഞ്ചുറി നേടുന്ന താരത്തിന്റെ ടീം കപ്പടിച്ച ചരിത്രമാണ് കിവീസിന് പ്രതീക്ഷ നല്‍കുന്നത്. 2007ല്‍ കരീബിയന്‍ ദ്വീപുകളില്‍ നടന്ന ലോകകപ്പ്. ടൂര്‍ണമെന്റിലെ ആദ്യ സെഞ്ചുറി നേടിയത് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്. അന്ന് കിരീടവുമായാണ് കങ്കാരുക്കള്‍ വെസ്റ്റ് ഇന്‍ഡീസ് വിട്ടത്. ശ്രീലങ്കയെ ഫൈനലില്‍ തകര്‍ത്ത് ഇന്ത്യക്ക് രണ്ടാം ലോക കിരീടം സമ്മാനിച്ച 2011 ലോകകപ്പിലും ഇതുതന്നെയായിരുന്നു സംഭവം.
ആ ലോകകപ്പില്‍ ആദ്യ സെഞ്ചുറി നേടിയത് വീരേന്ദര്‍ സെവാഗ്. അതും അയല്‍ക്കാരായ ബംഗ്ലാദേശിനെതിരെ. 2015ലും സ്ഥിതി ഇങ്ങനെ തന്നെ. ഓസ്‌ട്രേലിയ കിരീടം സ്വന്തമാക്കിയപ്പോള്‍ ടൂര്‍ണമെന്റിലെ ആദ്യ സെഞ്ചുറിയുമായി തല ഉയര്‍ത്തി നിന്നത് ആരോണ് ഫിഞ്ചാണ്. വിമര്‍ശനങ്ങളും വിവാദങ്ങളും ഉയര്‍ന്ന 2019 ലെ ലോകകപ്പ്. ആദ്യമായി മൂന്നക്കം കടന്നത് ഇംഗ്ലീഷ് താരം ജോ റൂട്ട്.
ഇംഗ്ലണ്ട് കിരീടം സ്വന്തമാക്കുകയും ചെയ്തു. ഇത്തവണ ആദ്യ സെഞ്ച്വറി നേടിയത് കിവീസ് ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെ. കോണ്‍വെയുടെ സെഞ്ചുറി കന്നിക്കിരീടം കൊണ്ടുവരുമെന്ന കിവീസ് ആരാധകര്‍ പ്രതീക്ഷിക്കുന്നു. എന്നാല്‍ ഇതെല്ലാം അന്ധ വിശ്വാസമെന്ന് പരിഹസിക്കുന്നവരും സോഷ്യല്‍ മീഡിയയില്‍ നിരവധി.
