സിഡ്‌നി: ടെസ്റ്റ് ക്രിക്കറ്റില്‍ പുതു ചരിത്രം രചിച്ച ന്യൂസിലന്‍ഡ് താരം റോസ് ടെയ്‌ലറെ അഭിനന്ദിച്ച് മുന്‍ നായകന്‍ സ്റ്റീഫന്‍ ഫ്ലെമിംഗ്. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന കിവീസ് താരമെന്ന റെക്കോര്‍ഡാണ് ടെയ്‌ലര്‍ സ്വന്തമാക്കിയത്. ഫ്ലെമിംഗിന്‍റെ റെക്കോര്‍ഡാണ് ടെയ്‌ലര്‍ മറകടന്നത്. 

'ചരിത്രനേട്ടത്തില്‍ ടെയ്‌ലര്‍ക്ക് അഭിനന്ദനങ്ങള്‍. കടുപ്പമേറിയ പരമ്പരയായിരുന്നു ഓസ്‌ട്രേലിയക്കെതിരെ. എന്നാല്‍ അവിസ്‌മരണീയ കരിയറിന് നിങ്ങള്‍ക്ക് അഭിമാനിക്കാം. ശ്വാസമെടുത്ത്, സമയം കിട്ടുമ്പോള്‍ നേട്ടങ്ങള്‍ ആഘോഷിക്കുക. ഗംഭീരമായി സുഹൃത്തെ'...എന്നായിരുന്നു ഇതിഹാസ കിവീസ് നായകന്‍റെ ട്വീറ്റ്. 

സിഡ്‌നിയില്‍ ഓസ്‌ട്രേലിയക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിലാണ് ടെയ്‌ലര്‍ ചരിത്രനേട്ടത്തിലെത്തിയത്. 99 ടെസ്റ്റുകളില്‍ നിന്ന് 40.06 ശരാശരിയില്‍ 7174 റണ്‍സാണ് ടെയ്‌ലറുടെ സമ്പാദ്യം. 111 മത്സരങ്ങളില്‍ നിന്ന് 7172 റണ്‍സാണ് ഫ്ലെമിംഗ് നേടിയത്. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന കിവീസ് താരമെന്ന നേട്ടത്തില്‍ നേരത്തെയെത്തിരുന്നു റോസ് ടെയ്‌ലര്‍. ഇക്കാര്യത്തിലും ഫ്ലെമിംഗിന്‍റെ റെക്കോര്‍ഡാണ് ടെയ്‌ലര്‍ തകര്‍ത്തത്. ഏകദിനത്തില്‍ ഫ്ലെമിംഗിന് 8007 റണ്‍സും ടെയ്‌ലര്‍ക്ക് 8376 റണ്‍സുമാണുള്ളത്. 

ടെയ്‌ലര്‍ ചരിത്രം തിരുത്തിയപ്പോഴും കിവീസിന് നിരാശയായി മൂന്നാം ടെസ്റ്റും പരമ്പരയും. സിഡ്‌നിയില്‍ നടന്ന അവസാന ടെസ്റ്റില്‍ 279 റണ്‍സിന് കിവികളെ തകര്‍ന്ന് ഓസീസ് ടെസ്റ്റ് പരമ്പര 3-0ന് തൂത്തുവാരി. സിഡ്‌നിയില്‍ നിന്ന് റെക്കോര്‍ഡുമായി മടങ്ങുമ്പോളും രണ്ടിന്നിംഗ്‌സിലുമായി 44  റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. 80, 22, 4, 2, 22, 22 എന്നിങ്ങനെയാണ് പരമ്പരയില്‍ ടെയ്‌ലറുടെ സ്‌കോര്‍.