അഡ്‌ലെയ്‌ഡ്: ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കുറവ് ഇന്നിംഗ്‌സില്‍ 7000 റണ്‍സ് തികച്ച താരമെന്ന നേട്ടം ഓസീസ് ബാറ്റ്സ്‌മാന്‍ സ്റ്റീവ് സ്‌മിത്തിന്. പാകിസ്ഥാനെതിരെ അഡ്‌ലെയ്‌ഡില്‍ നടന്നുകൊണ്ടിരിക്കുന്ന ഡേ ആന്‍ഡ് നൈറ്റ് ടെസ്റ്റില്‍ 23 റണ്‍സ് നേടിയതോടെയാണ് സ്‌മിത്ത് ചരിത്രം കുറിച്ചത്. 126 ഇന്നിംഗ്‌സില്‍ സ്‌മിത്ത് ഈ നേട്ടത്തിലെത്തിയപ്പോള്‍ 73 വര്‍ഷം മുന്‍പ് 130 ഇന്നിംഗ്‌സില്‍ 7000 റണ്‍സ് പൂര്‍ത്തിയാക്കിയ ഇംഗ്ലീഷ് ഇതിഹാസം വാല്‍ട്ടര്‍ ഹേമണ്ടിന്‍റെ റെക്കോര്‍ഡ് പഴങ്കഥയായി.

ഇതിഹാസ താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കറും വീരേന്ദന്‍ സെവാഗും ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും സ്‌മിത്തിന്‍റെ കുതിപ്പിന് മുന്നില്‍ വഴിമാറി. സെവാഗ് 134 ഇന്നിംഗ്‌സിലും സച്ചിന്‍ 136 ഇന്നിംഗ്‌സിലും കോലി 138 ഇന്നിംഗ്‌സിലുമാണ് 7000 റണ്‍സ് തികച്ചത്. കുമാര്‍ സംഗക്കാര, ഗാരി സോബേര്‍സ് എന്നിവരും 138 ഇന്നിംഗ്‌സില്‍ ഏഴായിരം എന്ന നാഴികക്കല്ല് പിന്നിട്ടവരാണ്. ടെസ്റ്റില്‍ ഏഴായിരം റണ്‍സ് പിന്നിടുന്ന 11-ാം ഓസീസ് താരം കൂടിയാണ് സ്‌മിത്ത്. ടെസ്റ്റ് കരിയറില്‍ 6,996 റണ്‍സ് നേടിയ ഡോണ്‍ ബ്രാഡ്‌മാനെയും സ്‌മിത്ത് ഇതിനിടെ പിന്തള്ളി.

പാകിസ്ഥാനെതിരെ ആദ്യ ടെസ്റ്റില്‍ കുറ‌ഞ്ഞ സ്‌കോറില്‍ പുറത്തായ സ്‌മിത്ത് രണ്ടാം ടെസ്റ്റില്‍ പുറത്താകാതെ 36 റണ്‍സാണ് നേടിയത്. ഷഹീന്‍ അഫ്രീദിയാണ് സ്‌മിത്തിനെ പുറത്താക്കിയത്.