അഡ്‌ലെയ്ഡ്: പാക്കിസ്ഥാനെതിരായ അഡ്‌ലെയ്ഡ് ക്രിക്കറ്റ് ടെസ്റ്റില്‍ ഓസീസ് നായകന്‍ ടിം പെയ്നിന്റെ നിര്‍ദേശങ്ങള്‍ മറികടന്ന് ഫീല്‍ഡ് സെറ്റ് ചെയ്യാന്‍ ശ്രമിച്ചുവെന്ന മുന്‍ താരം ഇയാന്‍ ചാപ്പലിന്റെ ആരോപണത്തിന് മറുപടിയുമായി മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത്. താന്‍ സൂപ്പര്‍ ക്യാപ്റ്റനാവാന്‍ ശ്രമിക്കുകയായിരുന്നില്ലെന്നും ടിം പെയ്നെ സഹായിക്കുക മാത്രമായിരുന്നു ചെയ്തതെന്നും സ്മിത്ത് പറഞ്ഞു.

ക്യാപ്റ്റനെന്ന നിലയില്‍ പെയ്ന്‍ മികച്ച രീതീയിലാണ് ടീമിനെ നയിക്കുന്നത്. മുന്‍ നായകനെന്ന നിലയില്‍ എന്റെ നിര്‍ദേശങ്ങള്‍ അദ്ദേഹത്തോട് പറയുക മാത്രമാണ് ചെയ്തത്. ടീമിന്റെ താല്‍പര്യം മാത്രമാണ് എനിക്ക് പ്രധാനം. അല്ലാതെ ടിം പെയ്നെ വിലകുറച്ചു കണ്ടിട്ടില്ലെന്നും സ്മിത്ത് പറഞ്ഞു.

ടിം പെയ്ന്‍ ഫീല്‍ഡ് സെറ്റ് ചെയ്തശേഷം സ്മിത്ത് വീണ്ടും ഫീല്‍ഡില്‍ മാറ്റം വരുത്തിയതാണ് ഇയാന്‍ ചാപ്പലിനെ ചൊടിപ്പിച്ചത്. പെയ്ന്‍ നിര്‍ത്തിയ ഇടത്തില്‍ നിന്നും സ്മിത്ത് ഫീല്‍ഡറെ മാറ്റിയെന്നും ചാപ്പല്‍ പറഞ്ഞിരുന്നു. മുന്‍ നായകനായ സ്മിത്തിന് പന്ത് ചുരണ്ടല്‍ വിവാദത്തില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് നായക സ്ഥാനം നഷ്ടമായത്. ടീമില്‍ തിരിച്ചെത്തിയെങ്കിലും ക്യാപ്റ്റനാവുന്നതിന് ഒരുവര്‍ഷം കൂടി കാത്തിരിക്കണം. മാര്‍ച്ചില്‍ വിലക്കിന്റെ കാലാവധി തീരുമ്പോള്‍ പെയ്നില്‍ നിന്ന് സ്മിത്ത് ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.