ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി മുന്‍ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്. ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ രണ്ട് ഇന്നിങ്‌സിലും നേടിയ സെഞ്ചുറിയാണ് സ്മിത്തിന് തുണയായത്. നാലാമതായിരുന്ന സ്മിത്ത് മൂന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ റാങ്കിങ് പുറത്തുവന്നപ്പോള്‍ 857 പോയിന്റാണ് സ്മിത്തിന് ഉണ്ടായിരുന്നത്. ഇപ്പോഴത് 903 ആയിട്ട് ഉയര്‍ന്നു. 

ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാരയെ നാലാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് സ്മിത്ത് നേട്ടം സ്വന്തമാക്കിയത്. ഇതേ പ്രകടനം തുടര്‍ന്നാല്‍ സ്മിത്തിന് ഒന്നാം സ്ഥാനത്തുള്ള ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ (922) പിന്തള്ളാന്‍ സാധിച്ചേക്കും. കിവീസ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ (913) രണ്ടാം സ്ഥാനത്തുണ്ട്. നാലാമതുള്ള ചേതേശ്വര്‍ പൂജാരയ്ക്ക് 881 പോയിന്റാണുള്ളത്. ഹെന്റി നിക്കോള്‍സ് (778), ജോ റൂട്ട് (741), ഡേവിഡ് വാര്‍ണര്‍ (721) എന്നിവര്‍ അടുത്ത സ്ഥാനങ്ങളിലുണ്ട്.

ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഓസ്ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സ് ഒന്നാം സ്ഥാനം നിലനിര്‍ത്തി. ആദ്യ പത്തില്‍ രണ്ട് ഇന്ത്യന്‍ താരങ്ങളാണുള്ളത്. രവീന്ദ്ര ജഡേജ ആറാമതും ആര്‍. അശ്വിന്‍ പത്താം സ്ഥാനത്തുമുണ്ട്. ടീം റാങ്കിങ്ങില്‍ ഇന്ത്യ ഒന്നാമതും ന്യൂസിലന്‍ഡ് രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു. 113 പോയിന്റാണ് ഇന്ത്യക്കുള്ളത്. രണ്ട് പോയിന്റ് വ്യത്യാസത്തിലാണ് ന്യൂസിലന്‍ഡ് രണ്ടാം സ്ഥാനത്തായത്.